കാസർകോട്: ഒരു പഞ്ചായത്തിലെ രണ്ട് വാർഡുകൾക്കായി നടത്തിയ വാക്സിനേഷൻ ക്യാമ്പിൽ മറ്റ് വാർഡുകളിൽ നിന്നുള്ളവർ വന്ന് വാക്സിൻ എടുത്തതിനെ തുടർന്ന്കൂട്ടത്തല്ല്. കാസർകോട് ജില്ലയിലെ മെഗ്രാൽപുത്തൂരിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകളിലെ ജനങ്ങൾക്ക് വാക്സിനെടുക്കുന്നതിനായാണ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സൗകര്യങ്ങൾ ഒരുക്കിയിരുന്നത്.
ഇവിടെ വാർഡിന് പുറത്തുള്ളവരും പഞ്ചായത്തിന് പുറത്തുള്ളവരും എത്തി വാക്സിനെടുത്തുവെന്ന് ആരോപിച്ച് ലീഗ് പ്രവർത്തകരാണ് തല്ലുണ്ടാക്കിയത്. പുറത്ത് നിന്ന് എത്തി വാക്സിൻ സ്വീകരിച്ചവരെ ചോദ്യം ചെയ്യുകയും ഇത് തർക്കത്തിലേക്ക് വഴിമാറിയതുമാണ് കൂട്ടത്തല്ലിന് കാരണം.
സംഘർഷത്തിൽ പലർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. പുറമേ നിന്നുള്ളവർ വാക്സിനെടുത്തതാണ് സംഘർഷത്തിന് കാരണമെന്ന് ആരോഗ്യ വകുപ്പ് അധികൃതരും സ്ഥിരീകരിക്കുന്നു. ഇവർ അറിയിച്ചതനുസരിച്ച് പോലീസ് എത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.
പിന്നീട് പോലീസ് കാവലിലാണ് വാക്സിനേഷൻ തുടർന്നത്. കോവിഡ് വ്യാപനം രൂക്ഷമായ സ്ഥിതിയായിരുന്നിട്ടും മാസ്ക് പോലും ധരിക്കാതെയാണ് കൂട്ടത്തല്ല് നടന്നത്.
Content Highlights: mob beats each other in Vaccination centre at Kasargod