തലശേരി> യുഡിഎഫ് ഭരിക്കുന്ന വളപട്ടണം സര്വീസ് സഹകരണ ബാങ്കില് കോടികളുടെ വായ്പാതട്ടിപ്പ് നടത്തിയ ഒന്നാംപ്രതിയെ പത്ത് വര്ഷം കഠിനതടവിനും എട്ടരലക്ഷം രൂപ പിഴയടക്കാനും തലശേരി വിജിലന്സ് കോടതി ശിക്ഷിച്ചു. ബാങ്കിന്റെ മന്ന ബ്രാഞ്ച് മാനേജരായിരുന്ന പാറക്കണ്ടിയിലെ ജംസ് ഹൗസില് കെ പി മുഹമ്മദ് ജസീലിനെയാണ് വിജിലന്സ് ജഡ്ജി കെ കെ ബാലകൃഷ്ണന് ശിക്ഷിച്ചത്.
രണ്ട് മുതല് നാലുവരെ പ്രതികളായ ബാങ്ക് സെക്രട്ടറി എന് പി ഹംസ, പ്രസിഡന്റും മുസ്ലിംലീഗ് നേതാവുമായ സൈഫുദ്ദീന്, ബാങ്ക് ചീഫ് അക്കൗണ്ടന്റ് സനിതകുമാരി, ബാങ്ക് അസി. സെക്രട്ടറി പി വി നിഷാകുമാരി എന്നിവരെ സംശയത്തിന്റെ ആനുകൂല്യം നല്കി വിട്ടു. പിഴയടച്ചാല് നാല് ലക്ഷം രൂപ ബാങ്കിന് അടക്കണമെന്നും കോടതി ഉത്തരവിട്ടു.
വളപട്ടണം ബാങ്കില് നിന്ന് 6.13 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിലാണ് വിധി. വിവിധ വകുപ്പുകള് പ്രകാരം 42 വര്ഷം കഠിനതടവാണ് വിധിച്ചത്. ശിക്ഷ ഒന്നിച്ച് മതിയെന്നതിനാല് പത്ത് വര്ഷം കഠിനതടവ് അനുഭവിക്കണം. ഇനിയും പതിനൊന്ന് കേസില് കൂടി വിധിവരാനുണ്ട്. വളപട്ടണം പൊലീസാണ് കേസന്വേഷിച്ചത്. ഡിവൈഎസ്പി കെ കെ മൊയ്തീന്കുട്ടിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന ഒന്നാംപ്രതിയെ ഇന്റര്പോളിന്റെ സഹായത്തോടെ കണ്ണൂര് ഡിവൈഎസ്പി പി പി സദാനന്ദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടിച്ചത്.
പതിറ്റാണ്ടായി യുഡിഎഫ് ഭരിക്കുന്ന ബാങ്കില് പത്ത് കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായി അന്വേഷണത്തില് വെളിപ്പെട്ടിരുന്നു. മുസ്ലിംലീഗ് നേതാവായ ബാങ്ക് പ്രസിഡന്റും സെക്രട്ടറിയും ഡയറക്ടര്മാരും ജീവനക്കാരുമടങ്ങുന്ന റാക്കറ്റായിരുന്നു സമാനതയില്ലാത്ത തട്ടിപ്പിന് പിന്നില്.