ശ്രീലങ്കൻ പരമ്പരയിലെ സഞ്ജു സാംസണിന്റെ റൺസുകൾ നൽകുന്ന ചിത്രം അത്ര നല്ലതല്ല. ലോകകപ്പ് ടി20 ക്ക് മുൻപ് ടീമിൽ ഇടം കണ്ടെത്താൻ ശ്രമിക്കുന്ന താരമേന്ന നിലയിൽ വളരെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. മൂന്ന് മത്സരങ്ങളിൽ നിന്നും 11.33 റൺസ് ആവറേജിൽ 34 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. സ്ട്രൈക്ക് റേറ്റ് 94.44 മാത്രമാണ്. ഒക്ടോബറിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് ലഭിച്ച മറ്റൊരു സുവാരണാവസരം സാംസൺ ഇല്ലാതാക്കി എന്ന് പറയാം.
ശ്രീലങ്കയുടെ ഇടം കയ്യൻ സ്പിന്നറായ ഹസരങ്ക മൂന്ന് മത്സരങ്ങളിലും സഞ്ജുവിനെ പ്രതിരോധത്തിലാക്കി. ആദ്യ മത്സരത്തിൽ ഹസരങ്കയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങിയ സഞ്ജു മൂന്നാം മത്സരത്തിലും അങ്ങനെയാണ് പുറത്തായത്. രണ്ടാം മത്സരത്തിൽ മറ്റൊരു സ്പിന്നറായ ധനഞ്ജയ സഞ്ജുവിന്റെ കുറ്റി തെറുപ്പിക്കുകയായിരിന്നു.
കഴിവും സ്ഥിരതയും
ഇരുപത്താറുകാരനായ സഞ്ജുവിന്റെ കഴിവിനെ കുറിച്ച് ആർക്കും സംശയമില്ല എന്നാൽ സ്ഥിരതയില്ലായ്മയാണ് സഞ്ജുവിനെ സംബന്ധിച്ച് വലിയ പ്രശ്നമായി തുടരുന്നത്.
നാലാം സ്ഥാനത്ത് ഇറങ്ങാൻ അവസരം ലഭിച്ചിട്ടും കഴിഞ്ഞ 10 മത്സരങ്ങളിൽ 117 റൺസ് മാത്രമാണ് സഞ്ജുവിന് ഇന്ത്യക്കായി നേടാൻ കഴിഞ്ഞത്. 110 മാത്രമാണ് സ്ട്രൈക്ക് റേറ്റ്. 19, 6, 8, 2, 23, 15, 10, 27, 7, 0 എന്നിങ്ങനെയുള്ള റൺസുകളാണ് താരം ഈ കളികളിൽ നേടിയത്.
ഒരു കളിയിൽ റൺസ് നേടുകയും പിന്നീട് അത് അടുത്ത മത്സരങ്ങളിലും അത് തുടരുമെന്ന് തോന്നിക്കുകയും എന്നാൽ പിന്നീട് തുടർച്ചായി ഔട്ടാവുകയും ചെയ്യുന്നതാണ് സഞ്ജുവിന് ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാത്തതിന് കാരണമെന്ന് മുൻ ഇന്ത്യൻ ക്യപ്റ്റനും ഇതിഹാസ ബാറ്റ്‌സമാനുമായ സുനിൽ ഗാവസ്‌കർ ഐപിഎലിനിടയിൽ ഒരു ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു.
എന്നാൽ ഇപ്പോഴും സഞ്ജുവിന് ആ സ്ഥിരത കണ്ടെത്താൻ കഴിയുന്നില്ല. താരത്തിന്റെ 20 കളും 30 കളും ഗുണത്തേക്കാൾ കൂടുതൽ ദോഷം ചെയ്യുന്നു. ഐപിഎല്ലിലെ പ്രകടനങ്ങൾക്ക് പ്രശംസ ലഭിക്കുമ്പോൾ പോലും, 27 തവണയാണ് 20 റൺസിനും 50 റൺസിനും ഇടയിൽ സഞ്ജു പുറത്തായിരിക്കുന്നത്.
2019ൽ സ്ഥിരത നിലനിർത്തുന്നതിനെ സംബന്ധിച്ചു സഞ്ജു നൽകിയ മറുപടി അതിനെ ഒരു പ്രശ്നമായി കണക്കാക്കുന്നില്ല, ബോളർമാരെ ആക്രമിക്കാനാണ് തനിക്ക് തോന്നുന്നത് എന്നായിരുന്നു.
സഞ്ജു സാംസണിന്റെ പ്രകടനത്തെകുറിച്ച് രാഹുൽ ദ്രാവിഡ് പറഞ്ഞത്
“സത്യംപറഞ്ഞാൽ ഇത് ബാറ്റ് ചെയ്യാൻ അത്ര എളുപ്പമുള്ള സാഹചര്യമല്ലായിരുന്നു, തീർച്ചയായും അദ്ദേഹത്തിന് ഏകദിനത്തിൽ അവസരം ലഭിച്ചു, നല്ലൊരു തുടക്കം കിട്ടി 46 റൺസ് നേടി, ആദ്യ ടി20യിലും സഞ്ജു നന്നായി ബാറ്റ് ചെയ്തു, എന്നാൽ കഴിഞ്ഞ രണ്ടു വിക്കറ്റുകൾ അല്പം വെല്ലുവിളി നിറഞ്ഞതായിരുന്നു” രാഹുൽ ദ്രാവിഡ് ഇന്നലെ മത്സര ശേഷം പറഞ്ഞു.
“പക്ഷേ പാരമ്പരയിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ഞങ്ങൾ കുറച്ചു നിരാശരാണ്. എന്നാൽ അത് സഞ്ജു മാത്രമല്ല, ഈ യുവതാരങ്ങൾ എല്ലാം വളരെ കഴിവുള്ളവരും മികച്ച കളിക്കാരുമാണ്, നമ്മൾ ക്ഷമയോടെ കാത്തിരിക്കണം” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരം സാഹചര്യങ്ങളിലൂടെ മാത്രമേ യുവതാരങ്ങൾ മികച്ച നിലയിലേക്ക് എത്തുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
Also read: India vs Sri Lanka 3rd T20I: അനായാസം ശ്രീലങ്ക; ഏഴ് വിക്കറ്റ് ജയം, പരമ്പര
The post ഇന്ത്യ- ശ്രീലങ്ക പരമ്പര: തിളങ്ങാൻ കഴിയാതെ സഞ്ജു; ടി20 ലോകകപ്പ് ടീമിൽ ഇടം നേടുക പ്രയാസം appeared first on Indian Express Malayalam.