കോഴിക്കോട്
കോവിഡ് പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് രണ്ടു വർഷത്തിനിടെ പ്രവർത്തനം അവസാനിപ്പിച്ചത് ഇരുപതിനായിരം ഇടത്തരം കച്ചവടസ്ഥാപനങ്ങൾ. ജിഎസ്ടി രജിസ്ട്രേഷനുള്ളവയാണ് പൂട്ടിയ സ്ഥാപനങ്ങൾ. പ്രവർത്തനം അവസാനിപ്പിച്ചതിനാൽ ജിഎസ്ടി രജിസ്ട്രേഷൻ ഒഴിവാക്കണമെന്നു കാണിച്ചാണ് ഇത്രയും സ്ഥാപന ഉടമകൾ ആദായനികുതി വകുപ്പിന് അപേക്ഷ നൽകിയത്.
വരുമാനം നിലച്ചതിനു പുറമെ ജിഎസ്ടി രജിസ്ട്രേഷൻ ഒഴിവാക്കാനുള്ള നൂലാമാലകളിൽപ്പെട്ട് വലയുകയാണ് സ്ഥാപന ഉടമകൾ. അപേക്ഷ സ്വീകരിച്ചതായുള്ള ജിഎസ്ടി വകുപ്പിന്റെ അറിയിപ്പ് ലഭിച്ചതോടെ നടപടി പൂർത്തിയായെന്ന് കരുതിയവർക്ക് വലിയ പിഴ ചുമത്തുന്നതായി പരാതിയുണ്ട്. രജിസ്ട്രേഷൻ അവസാനിപ്പിക്കാൻ അപേക്ഷിച്ച് ഒരു മാസത്തിനുള്ളിൽ എസ്എംഎസ്, ഇ മെയിൽ വഴി ഉടമയ്ക്ക് അറിയിപ്പ് ലഭിക്കും. മൂന്നു മാസത്തിനുള്ളിൽ ഫൈനൽ റിട്ടേൺ നൽകണമെന്നാണ് വ്യവസ്ഥ. ഇക്കാര്യം അറിയാത്ത വ്യാപാരികളെയാണ് പിഴ ചുമത്തി പിഴിയുന്നത്. ഫൈനൽ റിട്ടേൺ നൽകാത്തതിന് 10,000 രൂപ പിഴയൊടുക്കണമെന്നാണ് നോട്ടീസ്. പിഴയൊടുക്കിയില്ലെങ്കിൽ ജിഎസ്ടിയിൽ നൽകിയ അക്കൗണ്ടിൽനിന്ന് പണമെടുക്കുകയോ റവന്യൂ റിക്കവറി നടത്തുകയോ ചെയ്യും. പണം ഈടാക്കാനുള്ള വ്യവസ്ഥ ജിഎസ്ടി വകുപ്പിന്റെ നിയമത്തിലുണ്ട്.
അതിനാൽ നിയമപരമായി നേരിട്ടാലും രക്ഷപ്പെടാൻ വ്യാപാരികൾക്കാകില്ല. 12,000 ഹോട്ടലുകളാണ് പ്രവർത്തനം അവസാനിപ്പിച്ച് ജിഎസ്ടി രജിസ്ട്രേഷൻ റദ്ദാക്കാൻ അപേക്ഷ നൽകിയത്. നഗരങ്ങളിലെ വ്യാപാരസ്ഥാപനങ്ങൾ, ചെറുകിട ജ്വല്ലറികൾ, ചെറുകിട മാളുകൾ, വസ്ത്രശാലകൾ എന്നിവയും രജിസ്ട്രേഷൻ അവസാനിപ്പിക്കാൻ ഊഴം കാത്തിരിക്കയാണ്.