തിരുവനന്തപുരം
നിയമസഭയിൽ ബിജെപിയുടെ കുറവ് നികത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ) സംഘടിപ്പിച്ച ധർണ സംസ്ഥാനതലത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമസഭയിൽ കേന്ദ്രസർക്കാരിനെതിരെ നിശബ്ദത പാലിക്കുകയും എൽഡിഎഫിനെ കടന്നാക്രമിക്കുകയുമാണ് പ്രതിപക്ഷം. സംസ്ഥാനത്തിന്റെ ഗുണപരമായ മുന്നേറ്റങ്ങളെ തകർക്കാൻ ഇടതുപക്ഷ അടിത്തറ ദുർബലപ്പെടുത്തുകയെന്ന ഗൂഢാലോചനയുടെ ഭാഗമാണിത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എൽഡിഎഫ് സർക്കാരിനെ അധികാരത്തിലേറ്റിയത് കേരള ജനതയാണ്. ബിജെപിയുടെ ഏക അക്കൗണ്ടും ജനങ്ങൾ പൂട്ടിച്ചു.
എല്ലാ മേഖലയിലും രാജ്യത്ത് ഒന്നാമതായ കേരളത്തെ തകർക്കണമെങ്കിൽ ഇവിടുത്തെ ഇടതുപക്ഷത്തെ തകർക്കണമെന്ന് കേന്ദ്രസർക്കാരിനറിയാം. പൊതുവിദ്യാഭ്യാസ മേഖലയിലുൾപ്പെടെ അവകാശപ്പെട്ട കേന്ദ്രവിഹിതം വെട്ടിക്കുറയ്ക്കുന്നത് സംസ്ഥാനത്തിന്റെ മുന്നേറ്റം തടയാനാണ്. വിദ്യാഭ്യാസത്തിൽ കേന്ദ്രസർക്കാർ തീവ്രവർഗീയ–- കോർപറേറ്റ്വൽക്കരണം നടത്തുന്നു. ഇതിനെ ചെറുക്കുന്നതിന് പകരം ബിജെപിയുടെ ലക്ഷ്യങ്ങൾക്ക് വേണ്ടിയാണ് പ്രതിപക്ഷം പ്രവർത്തിക്കുന്നത്. നരേന്ദ്ര മോഡിയെ സംരക്ഷിക്കാൻ പിണറായി വിജയനെ മുഖ്യശത്രുവായി പ്രഖ്യാപിച്ചിരിക്കുകയാണ് അവർ–- വിജയരാഘവൻ പറഞ്ഞു.