തിരുവനന്തപുരം
കേരള സർക്കാർ ഏർപ്പെടുത്തിയ പ്രഥമ ടെലിവിഷൻ സമഗ്ര സംഭാവന പുരസ്കാരം മാധ്യമപ്രവർത്തകനും ഏഷ്യൻ സ്കൂൾ ഓഫ് ജേണലിസം ചെയർമാനുമായ ശശികുമാറിന്. രണ്ടു ലക്ഷം രൂപയും പ്രശംസാപത്രവും ശിൽപ്പവുമാണ് പുരസ്കാരം. കെ സച്ചിദാനന്ദൻ ചെയർമാനും വെങ്കിടേഷ് രാമകൃഷ്ണൻ, എസ് ശാരദക്കുട്ടി, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് തെരഞ്ഞെടുത്തതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
ദൂരദർശനിൽ ഇംഗ്ലീഷ് വാർത്താവതാരകനായും പ്രൊഡ്യൂസറായുമാണ് ശശികുമാർ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. മലയാളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷൻ ചാനൽ സ്ഥാപകനാണ്. സംവിധാനംചെയ്ത ‘കായാതരൺ’ എന്ന ഹിന്ദി ചിത്രത്തിന് അരവിന്ദൻ പുരസ്കാരം ലഭിച്ചു. എന്ന് നിന്റെ മൊയ്തീൻ, ലൗഡ് സ്പീക്കർ, ലവ് 24 x 7 തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.
1952ൽ കൊടുങ്ങല്ലൂരിൽ ജനിച്ച ശശികുമാർ ചെന്നൈ ലയോള കോളേജിൽനിന്ന് ബിരുദവും മദ്രാസ് ക്രിസ്ത്യൻ കോളേജിൽനിന്ന് ബിരുദാനന്തരബിരുദവും നേടി. “അൺമീഡിയേറ്റഡ്: എസേയ്സ് ഓൺ മീഡിയ, കൾച്ചർ, സിനിമ എന്ന പുസ്തകം രചിച്ചു.