തൃശൂർ > കുതിരാനിലെ നിർമാണംപൂർത്തിയായ ഇരട്ടത്തുരങ്കങ്ങളിൽ ഒന്നിന്റെ പരിശോധന നടത്തി ദേശീയപാത അധികാരികൾ അംഗീകാരം നൽകിയാൽ ആഗസ്ത് ഒന്നിനുതന്നെ ഗതാഗതത്തിന് തുറന്നുകൊടുക്കാം.
തുരങ്കനിർമാണം 99 ശതമാനം പൂർത്തിയാക്കി. മിനുക്കുപണികളും വൃത്തിയാക്കലും കഴിഞ്ഞാൽ പൂർണമായും ഗതാഗത സജ്ജമാകും. തുരങ്കപാതയുടെ ഫയർ ആൻഡ് സേഫ്റ്റി, വൈദ്യുതി, വെള്ളം, മലിനീകരണ നിയന്ത്രണം തുടങ്ങിയ വിഭാഗങ്ങളുടെ പരിശോധന വിജയകരമായിരുന്നു. ദേശീയപാത അധികൃതർ വ്യാഴാഴ്ച നേരിട്ടെത്തി പരിശോധന നടത്തുമെന്ന് സൂചന നൽകിയിരുന്നെങ്കിലും, അതുണ്ടായില്ല.
തുരങ്കനിർമാണം വേഗത്തിൽപൂർത്തിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഉന്നതതല യോഗം വിളിച്ചിരുന്നു. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് മൂന്നുതവണ കുതിരാനിലെത്തി നിർമാണ പുരോഗതി വിലയിരുത്തി. മന്ത്രിമാരായ കെ രാധാകൃഷ്ണൻ, കെ രാജൻ, ആർ ബിന്ദു എന്നിവരുടെയും ഉദ്യോഗസ്ഥരുടെയും കൃത്യതയോടെയുള്ള ഇടപെടലിന്റെ ഭാഗമായാണ് തുരങ്കം പൂർത്തിയാവുന്നത്.