കൊച്ചി > സ്ത്രീധനത്തിന്റെ പേരിൽ യുവതിക്കും അച്ഛനും മർദ്ദനമേറ്റ കേസിൽ എറണാകുളം നോർത്ത് പൊലീസ് ഇൻസ്പെക്ടർ സംസ്ഥാന വനിത കമീഷനിൽ നേരിട്ടെത്തി വിശദീകരണം നൽകി. ഇത് പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് കമീഷൻ വ്യക്തമാക്കി.
വ്യാഴാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരത്തെ കമീഷൻ മുഖ്യഓഫീസിലെത്തിയാണ് ഇൻസ്പെക്ടർ വിശദീകരണം നൽകിയത്. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് പട്ടിണിക്കിടുകയും മർദ്ദിക്കുകയും ചെയ്തുവെന്ന് വ്യക്തമാക്കി ചളിക്കവട്ടം സ്വദേശിനി നൽകിയ പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് നിസാര വകുപ്പ് ചേർത്താണ് കേസെടുത്തതെന്ന് ആക്ഷേപമുയർന്നിരുന്നു. തുടർന്ന് മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ വനിത കമീഷൻ സ്വമേധയാ കേസെടുത്തു.
സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമർദ്ദനത്തിനിരയായിയെന്നും ഇത് അന്വേഷിക്കാനെത്തിയ അച്ഛന്റെ കാല് തല്ലിയൊടിച്ചുവെന്നും യുവതിയുടെ പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഭർത്താവ് പച്ചാളം പനച്ചിക്കൽ വീട്ടിൽ ജിപ്സൺ(31), ഇയാളുടെ അച്ഛൻ പീറ്റർ (58) എന്നിവർ ഇപ്പോഴും ഒളിവിലാണ്.