ആലുവ > ആലുവ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമ്മാണം, ചെങ്ങമനാട് പഞ്ചായത്തിൽ സ്ഥാപിച്ച ഹൈമാസ് ലൈറ്റുകൾ എന്നിവയെ കുറിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് അന്വേഷണം നടത്തും. അൻവർ സാദത്ത് എംഎൽഎയുടെ മണ്ഡല ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നടത്തിയ പദ്ധതികളെ കുറിച്ചാണ് അന്വേഷണം.
ഇതിനായി പഞ്ചായത്ത് ഡയറക്ടർക്കും, ചീഫ് എൻജിനീയർക്കും തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നിർദേശം നൽകി. വകുപ്പുതല അന്വേഷണമാണ് നടത്തുക. ആലുവയിലെ സാമൂഹിക പ്രവർത്തകൻ ഖാലിദ് മുണ്ടപ്പിള്ളി മുഖ്യമന്ത്രിയ്ക്ക് 2020 ജൂണിൽ നൽകിയ പരാതിയിലാണ് അന്വേഷണം. അൻവർ സാദത്ത് എംഎൽഎയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 5.89 കോടി രൂപ ചെലവഴിച്ചാണ് ആലുവയിൽ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമ്മാണം ആരംഭിച്ചത്.
രണ്ടു വർഷം കഴിഞ്ഞിട്ടും പണി പൂർത്തിയിട്ടുമില്ല. നിലവിലുണ്ടായിരുന്ന ബഹുനില കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയ ബസ് ടെർമിനൽ നിർമ്മാണം ആരംഭിച്ചത്. പദ്ധതിയെ കുറിച്ചും ചെലവഴിച്ച തുകയെ കുറിച്ചുമാണ് ഖാലിദ് മുണ്ടപ്പിള്ളി അന്വേഷണം ആവശ്യപെട്ടിട്ടുള്ളത്. ചെങ്ങമനാട് പഞ്ചായത്തിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചതിലെ അഴിമതി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വിജിലൻസ് അന്വേഷണം ആവശ്യമുള്ള പക്ഷം വ്യക്തമായ ശുപാർശ സർക്കാരിന് സമർപ്പിക്കുവാനും അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിലുണ്ട്.