കൊച്ചി നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് കോടതി. വിഷ്ണു തുടർച്ചയായി വിചാരണയ്ക്ക് ഹാജരാകാതിരുന്നതിനെത്തുടർന്നാണ്വിചാരണക്കോടതിയുടെ നടപടി. എറണാകുളം ജില്ലാ പോലീസ് സൂപ്രണ്ടിനാണ് കോടതി നിർദേശം നൽകിയത്.
വിചാരണകോടതിയിൽ വിഷ്ണു ഇന്ന് ഹാജരാകേണ്ടതായിരുന്നു. എന്നാൽ ഇന്നും വിഷ്ണു ഹാജരായിരുന്നില്ല. നിലവിൽ വിചാരണ നടപടികൾ നടന്നു വരുകയാണ്. ഹാജരാവാതിരിക്കുന്ന സമീപനങ്ങൾ വിചാരണ വീണ്ടും വൈകിപ്പിക്കും. വിചാരണ വേഗം പൂർത്തീകരിക്കണമെന്ന് സുപ്രീം കോടതി നിർദേശമുള്ളതാണ്.
സാക്ഷിവിസ്താരത്തിന് ഹാജരാകാതിരുന്നതിനെ തുടർന്ന് മാപ്പുസാക്ഷിക്കെതിരേ ചൊവ്വാഴ്ച കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇന്നും ഹാജരാകാതിരുന്നതോടെയാണ് അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്.
കളമശ്ശേരി മെഡിക്കൽ കോളേജിൽ കോവിഡനന്തര ആരോഗ്യ പ്രശ്നങ്ങളുമായി വിഷ്ണു ചികിത്സ തേടിയിരുന്നതായി വ്യക്തമാക്കി ഒ.പി. ടിക്കറ്റും പ്രോസിക്യൂഷൻ ചൊവ്വാഴ്ച ഹാജരാക്കിയിരുന്നു
കേസിലെ പത്താം പ്രതിയായിരുന്ന വിഷ്ണു പിന്നീട് മാപ്പുസാക്ഷിയാവുകയായിരുന്നു.ജയിലിൽ വെച്ച് പൾസർ സുനി ദിലീപിന് കത്തയച്ചിരുന്നു. കത്തെഴുതാൻ സഹായിച്ചത് താനായിരുന്നുവെന്ന് വിഷ്ണു പോലീസിനോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാപ്പുസാക്ഷിയാക്കിയത്.