തിരുവനന്തപുരം: സുപ്രീം കോടതി തള്ളിക്കളഞ്ഞ കേസിനെക്കുറിച്ച് നിയമസഭയിൽ പറഞ്ഞ മുഖ്യമന്ത്രിയുടെ നടപടി നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അങ്ങനെ പറയാൻ ഇന്ത്യയിൽ ഒരു പൗരനും അധികാരമില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം കൊടുത്ത അടിയന്തരപ്രമേയ നോട്ടീസുമായി ബന്ധപ്പെട്ട്നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതിയിൽ ചില വക്കീലന്മാർ വാദവും കഴിഞ്ഞ് കേസും തള്ളി കോടതി പിരിഞ്ഞതിന് ശേഷം കോടതി വരാന്തയിൽ നിന്ന് ആർഗുമെന്റ് നടത്തും. അതുപോലെയാണ് സുപ്രീം കോടതി തള്ളിക്കളഞ്ഞ ഒരു കേസിനെ കുറിച്ചാണ് മുഖ്യമന്ത്രി നിയമസഭയിൽ വന്ന് പറയുന്നത്. വി.ഡി.സതീശൻ പരിഹസിച്ചു.
സർക്കാർ വാദം വിചാരണക്കോടതി തള്ളിയതാണെന്നും സർക്കാർ അഭിഭാഷകയുടെ നിയമ ബോധം പോലും മുഖ്യമന്ത്രി കാണിച്ചില്ലെന്നും സതീശൻ കുറ്റപ്പെടുത്തി.
പൊതു മുതൽ നശിപ്പിച്ച കുറ്റം എവിടെ വെച്ചു ആര് ചെയ്താലും വിചാരണ നേരിടണം. എംഎൽഎമാർക്ക് എന്താ കൊമ്പുണ്ടോ എന്ന് ജനങ്ങൾ ചോദിക്കില്ലെ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. പൊതു മുതൽ നശിപ്പിച്ച കുറ്റവാളികളെ രക്ഷിക്കാൻ ജനത്തിന്റെ നികുതി പണം എടുത്തു സുപ്രീം കോടതിയിൽ പോയി. ഇതിന് പാർട്ടിയാണ്വക്കീൽ ഫീസ് അടക്കേണ്ടതെന്നും പൊതുമുതലിൽ നിന്ന് എടുത്തല്ലെന്നും അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചു. ലോകത്ത് ഇത്ര മാത്രം സാക്ഷികൾ ഉള്ള കേസിൽ തെളിവില്ല എന്ന് വാദിച്ചത് അപഹാസ്യമാണെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
Content Highlights: V D Satheeshanlashes out at government in assembly