ടോക്കിയോ: ഹോക്കിയിൽ അർജന്റീനയെ തകർത്ത് ഇന്ത്യ ക്വാർട്ടറിൽ പ്രവേശിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ നിലവിലെ ചാമ്പ്യമാരായ അർജന്റീനയെ തോൽപ്പിച്ച് ക്വാർട്ടർ ഉറപ്പിച്ചത്.
ഇരുടീമുകൾക്കും ഗോൾ നേടാൻ കഴിയാതെ പോയ ആദ്യ രണ്ടു ക്വാർട്ടറുകൾക്ക് ശേഷം ഇന്ത്യയുടെ വരുൺ കുമാറാണ് ആദ്യ ഗോൾ നേടിയത്. അഞ്ചു മിനിറ്റുകൾക്ക് ശേഷം പെനാൽറ്റി കോർണർ ലഭിച്ച അർജന്റീന സ്കോർ സമനിലയിൽ എത്തിച്ചു. മൈക്കോ കസെല്ലയാണ് ഗോൾ നേടിയത്.
58-ാം മിനിറ്റില്‍ വിവേക് സാഗറിലൂടെ ഇന്ത്യ രണ്ടാം ഗോള്‍ നേടി. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ പെനാല്‍റ്റി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ച് മൂന്നാം ഗോൾ നേടി ഹര്‍മന്‍പ്രീത് സിങ് ഇന്ത്യയുടെ ക്വാർട്ടർ പ്രവേശനം സാധ്യമാക്കി.
ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോട് ജയം നേടിയ ഇന്ത്യ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയയോട് തോറ്റിരുന്നു. കഴിഞ്ഞ മത്സരത്തിൽ സ്പെയിനെയും തോൽപിച്ചാണ് ഇന്ന് അർജന്റീനക്കെതിരെ ജയം കൊയ്തത്. നാളെ ജപ്പാന് എതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
അതേസമയം, ഒളിംപിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ പിവി സിന്ധു ബാഡ്മിന്റണിൽ ക്വാർട്ടറിൽ പ്രവേശിച്ചു. ഡെൻമാർക്ക് താരം മിയ ബ്ളിക്ഫെൽഡിനെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപിച്ചാണ് സിന്ധു ക്വാർട്ടറിൽ കടന്നത്. 21-15, 21-13 എന്നിങ്ങനെയാണ് സ്കോർ.
Also read: Tokyo Olympics 2020: ഫുട്ബോളിൽ അർജന്റീന, ഫ്രാൻസ്, ജർമ്മനി ക്വാർട്ടർ കാണാതെ പുറത്ത്
The post Tokyo Olympics 2021 Day 6: ഹോക്കിയിൽ അർജന്റീനയെ തകർത്ത് ഇന്ത്യ: തകർപ്പൻ ജയവുമായി സിന്ധുവും ക്വാർട്ടറിൽ appeared first on Indian Express Malayalam.