കൊല്ലം: എൻ.സി.പി നേതാവ് അപമാനിക്കാൻ ശ്രമിച്ചെന്ന കേസിന്റെഅന്വേഷണത്തിൽ വീഴ്ചവരുത്തിയെന്ന ആരോപണത്തിൽ കുണ്ടറ സി.ഐ ജയകൃഷ്ണന് സ്ഥലംമാറ്റം. കേസെടുക്കുന്നതിലുൾപ്പെടെ താമസമുണ്ടായെന്ന ഡി.ഐ.ജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റ നടപടി. എൻ.സി.പി നേതാവ് പത്മാകരൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസ് ഒത്തുതീർപ്പാക്കാൻ മന്ത്രി എ.കെ ശശീന്ദ്രൻ ഇടപെട്ടത് വലിയ വിവാദമായിരുന്നു.
ജൂൺ 28ന് യുവതി പരാതി നൽകിയെങ്കിലും മൂന്നാഴ്ചയ്ക്ക് ശേഷമാണ് പോലീസ് കേസെടുത്തതും രഹസ്യമൊഴി ശേഖരിക്കുന്ന നടപടി സ്വീകരിച്ചതും. യുവതിയുടെ പരാതിപരിഗണിച്ച് കേസ് തീർപ്പാക്കുന്നതിൽ വീഴ്ച സംഭവിച്ചുവെന്നാണ് ഡി.ഐ.ജി സഞ്ജയ് കുമാർ ഗരുഡിന്റെ അന്വേഷണ റിപ്പോർട്ട്.
പോലീസ് ഈ കേസ് ഒത്തുതീർപ്പാക്കാനാണ് ആദ്യഘട്ടം മുതൽ ശ്രമിച്ചതെന്ന ആരോപണമാണ് പരാതിക്കാരി ഉന്നയിച്ചിരുന്നത്. സംഭവം വിവാദമായതോടെ എൻ.സി.പി ആറ് നേതാക്കൾക്കെതിരെ സസ്പെൻഷൻ നടപടി സ്വീകരിച്ചിരുന്നു. അതോടൊപ്പം ഫോൺ സംഭാഷണങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് മന്ത്രി എ.കെ ശശീന്ദ്രന് താക്കീത് നൽകുകയും ചെയ്തിരുന്നു.
കൊല്ലം നീണ്ടകര കോസ്റ്റൽ പോലീസ് സ്റ്റേഷൻ സി.ഐ മഞ്ജുലാലാണ് പുതിയ കുണ്ടറ സി.ഐ
Content Highlights: Kundara CI Jayakrishnan transferred in sexual assault case against NCP leader