തിരുവനന്തപുരം > സംസ്ഥാനത്ത് ആദ്യമായി മിൽമ ഭരണസമിതി ഇടതുപക്ഷത്തിന്. 35 വർഷത്തിനുശേഷമാണ് കേരള സഹകരണ ക്ഷീര വിപണന ഫെഡറേഷൻ (മിൽമ) ഭരണസമിതി തലപ്പത്ത് എൽഡിഎഫ് നേതൃത്വം നൽകുന്ന ഭരണസമിതി എത്തുന്നത്. ബുധനാഴ്ച മിൽമ ആസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പിൽ മിൽമ ചെയർമാനായി കെ എസ് മണി തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചിനെതിരെ ഏഴ് വോട്ടുകൾക്കാണ് ജയം. നിലവിൽ മിൽമ മലബാർ മേഖലാ ചെയർമാനാണ് കെ എസ് മണി.
മിൽമ ചെയർമാനായിരുന്ന പി എ ബാലൻ നിര്യാതനായതിനേത്തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. എറണാകുളം മേഖലയ്ക്ക് മാത്രമാണ് യുഡിഎഫ് നേതൃത്വത്തിലുള്ള ഭരണ സമിതി ഉള്ളത്. എൽഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതിയാണ് മലബാർ മേഖലയിലും. തിരുവനന്തപുരം മേഖലാ ഭരണസമിതി പിരിച്ചുവിട്ടതിനേത്തുടർന്ന് അഡ്മിനിസ്ട്രേറ്റർ ഭരണത്തിലായിരുന്നു.
2020 മുതൽ മലബാർ മേഖല യൂണിയൻ പ്രസിഡന്റായ കെ എസ് മണി പാലക്കാട് സ്വദേശിയാണ്. മൂന്ന് പതിറ്റാണ്ടിലെറെയായി ക്ഷീര സഹകരണ രംഗത്ത് പ്രവർത്തിക്കുന്ന മണി പാൽ സംഭരണത്തിനും വിതരണത്തിനും പുറമേ മൂല്യവർധിത ഉത്പന്നങ്ങളിലൂടെ മിൽമയുടെ സാന്നിധ്യം ശക്തമാക്കാൻ യത്നിച്ച വ്യക്തിയാണ്. ജലജയാണ് ഭാര്യ. മക്കളായ അഭിലാഷും അമിത് കുമാറും മെക്കാനിക്കൽ എൻജിനീയർമാരാണ്.