തിരുവനന്തപുരം:കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിൽ വൻവീഴ്ചയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്ത് ഓരോ ദിവസവും പുതിയതായി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ 50 ശതമാനത്തിലധികവും കേരളത്തിലാണെന്നും കേന്ദ്രം കുറ്റപ്പെടുത്തുന്നു.ഇളവുകൾ നൽകുന്നതിൽ സംസ്ഥാനം വലിയ ജാഗ്രത കാണിക്കണമെന്നുംസംസ്ഥാന ആരോഗ്യ സെക്രട്ടറിക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അയച്ച കത്തിൽ പറയുന്നു.
അടുത്തിടെ നടന്ന ആഘോഷ പരിപാടികളിൽ ഇളവ് അനുവദിച്ചത് കേരളത്തിൽ തീവ്രവ്യാപനത്തിന് കാരണമായെന്നും ഭൂഷൺ കുറ്റപ്പെടുത്തി.കഴിഞ്ഞ ഒരു മാസത്തെ കണക്കുകൾ പരിശോധിച്ചാൽ കേരളത്തിൽ വീണ്ടും കേസുകൾ കൂടുകയാണെന്നത് ആശങ്കയുണ്ടാക്കുന്നു.
ജൂലായ് അഞ്ചു മുതൽ ഒമ്പതു വരെ കേരളത്തിലെ കോവിഡ് സാഹചര്യം നിരീക്ഷിക്കാനെത്തിയ വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് കേന്ദ്രം കത്തയച്ചത്. നിലവിലെ സ്ഥിതി മനസ്സിലാക്കുവാൻ കേന്ദ്രത്തിന്റെ മറ്റൊരു സംഘം ഉടനെ കേരളത്തിലെത്തുമെന്നും ഭൂഷൺ വ്യക്തമാക്കി.
കേരളം കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേരളത്തിലെ സജീവകേസുകളിൽ 95 ശതമാനവും വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്. ഇതിനുള്ള മാനദണ്ഡം കൃത്യമായി പാലിക്കണമെന്നും കേന്ദ്രം നിർദേശിക്കുന്നു.കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ കേസുകൾ വർധിക്കുന്നതിന്റെ തോത് വളരെ കൂടുതലാണെന്നും കത്തിൽചൂണ്ടിക്കാണിക്കുന്നു. ജൂലായ് 10-19 വരെയുള്ള 10 ദിവസം കൊണ്ട് സംസ്ഥാനത്ത് 91,617 പുതിയ കോവിഡ് കേസുകളും 775 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തതെന്നും കത്തിൽ വ്യക്തമാക്കുന്നു.
സംസ്ഥാനത്തെ അതിഥി തൊഴിലാളികൾ കോവിഡ് പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കുന്നില്ലെന്നും രോഗികളായ പലരും ആശുപത്രിയിലേക്ക് പോകാൻ മടിക്കുന്ന സ്ഥിതിയുണ്ടെന്നും കത്തിൽ പറയുന്നു. ഇത്തരം രോഗികൾക്ക് കൗൺസലിങ്ങ് നൽകേണ്ടത് അത്യാവശ്യമാണെന്നാണ് കേന്ദ്ര നിർദേശം. സംസ്ഥാനത്ത് വാക്സിനേഷൻ കൂടുതൽ വേഗത്തിലാക്കേണ്ടതുണ്ടെന്നും രാജേഷ് ഭൂഷൺ ചൂണ്ടിക്കാണിച്ചു.
Content Highlights: Kerala should do more to contain Covid spread says Union health secratary