തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ ബിനാമി ഇടപാടുകൾ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തും. പ്രതികളുടെ വീട്ടിൽ നിന്ന് കിട്ടിയ വായ്പാ രേഖകൾ ക്രൈംബ്രാഞ്ച് പരിശോധിച്ചിരുന്നു. ഇത് ബിനാമി ഇടപാടുകളാണെന്ന് കണ്ടെത്തി.
ബിനാമി ഇടപാടുകൾ സംബന്ധിച്ച അന്വേഷണം നടത്തുമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഒരേ ആൾ തന്നെ ഏകദേശം അമ്പതോളം ആളുകളുടെ പേരിൽ വായ്പ എടുത്തിരിക്കുന്നു. എന്നാൽ ഇതെല്ലാം ഒരാൾ തന്നെയാണോ എടുത്തതെന്ന കാര്യത്തിൽ ഉറപ്പില്ല. റിസോർട്ടുകളിലും മറ്റും പ്രതികൾ പണം നിക്ഷേപിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യവും ക്രൈംബ്രാഞ്ച് അന്വേഷിക്കും.
ബാങ്കിലെ ആഭ്യന്തര ഉപയോഗത്തിനായി നിർമിച്ച സോഫ്റ്റ്വെയറിൽ വലിയ രീതിയിൽ അട്ടിമറി നടന്നതായി കണ്ടെത്തിയിട്ടുണ്ട്. സോഫ്റ്റ്വെയർ ഒരേ സമയം തന്നെ പലരും ഉപയോഗിക്കുന്നതും ഓരോരുത്തർക്കും പ്രത്യേക യൂസർ ഐഡിയും പാസ്വേഡും ഉളളതാണ്. എന്നാൽ വിരമിച്ചവരുടെ യൂസർ ഐഡിയും പാസ് വേഡും തട്ടിപ്പ് നടന്ന കാലയളവിൽ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് വിദഗ്ധ പരിശോധന നടത്തും.
കഴിഞ്ഞ ദിവസം ഇഡി ഉദ്യോഗസ്ഥൻ കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെത്തി പ്രാഥമിക പരിശോധന നടത്തിയിരുന്നു. ബാങ്ക് അധികൃതരോട് കൂടുതൽ രേഖകൾ ഹാജരാക്കാൻ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.