തിരുവനന്തപുരം > കുതിരാന് തുരങ്കത്തിന്റെ ഒരു ടണല് ഓഗസ്തില് തന്നെ തുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നിര്മ്മാണ പ്രവൃത്തി വിലയിരുത്തിക്കൊണ്ട് മന്ത്രിമാരുടെ നേതൃത്വത്തില് തിരുവനന്തപുരത്ത് യോഗം ചേര്ന്നു.
നിര്മ്മാണ പ്രവര്ത്തനങ്ങളെല്ലാം പൂര്ത്തിയാക്കി ഒരു ടണല് തുറക്കുന്നതിന് വേണ്ടിയുള്ള മിനുക്കുപണികളാണ് ഇപ്പോള് നടക്കുന്നതെന്ന് ദേശീയപാതാ അതോറിറ്റി അധികൃതര് യോഗത്തെ അറിയിച്ചു. ജോലികള് വേഗത്തിലാണ് മുന്നോട്ട് പോകുന്നത്. 29 ന് ട്രയല് റണ് നടത്താന് തീരുമാനിച്ചിട്ടുണ്ട്. അതിന് ശേഷം ദേശീയപാതാ അതോറിറ്റിയുടെ സുരക്ഷാ സര്ട്ടിഫിക്കറ്റ് ലഭ്യമാകണം.
സുരക്ഷാ സര്ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം മുഖ്യമന്ത്രിയുമായും തൃശ്ശൂര്, പാലക്കാട് ജില്ലകളിലെ മറ്റ് മന്ത്രിമാരുമായും ചര്ച്ച നടത്തും. തുടര്ന്ന് ആഗസ്തില് തന്നെ തുരങ്കത്തിന്റെ ഒരു ടണല് തുറക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് മുഹമ്മദ് റിയാസ് കൂട്ടിച്ചേര്ത്തു.
തിരുവനന്തപുരത്ത് ചേര്ന്ന യോഗത്തില് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പുറമെ മന്ത്രിമാരായ കെ രാജന്, കെ കൃഷ്ണന്കുട്ടി, ജില്ലാ കളക്ടര് ഹരിത വി കുമാര്, സ്പെഷ്യല് ഓഫീസര് ഇന് ചാര്ജ് ഷാനവാസ് ഐഎഎസ്, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംങ് ഐഎഎസ്, ദേശീയപാതാ അതോറിറ്റി പ്രതിനിധികള്, നിര്മ്മാണ കമ്പനി പ്രതിനിധികള് തുടങ്ങിയവര് പങ്കെടുത്തു.