കാൽ നൂറ്റാണ്ടു കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ഐ.എൻ.എൽ. എന്ന രാഷ്ട്രീയ പാർട്ടിക്ക് ഒരുമന്ത്രിസ്ഥാനം നൽകി രണ്ടാം ഇടതുപക്ഷ സർക്കാർ ഞെട്ടിച്ചത്. പക്ഷെ മന്ത്രിയെ കിട്ടി മാസങ്ങൾ പൂർത്തിയാവുന്നതിന് മുന്നെ അഭിപ്രായ വ്യത്യാസങ്ങളും അസ്വാരസ്യങ്ങളും പാർട്ടിയെപിളർപ്പിലേക്കെത്തിച്ചു. സംസ്ഥാന പ്രസിഡന്റിനേയും ജനറൽ സെക്രട്ടറിയേയും അങ്ങോട്ടുമിങ്ങോട്ടും പുറത്താക്കി ഒടുവിൽ തെരുവിൽ പോരടിക്കുന്ന കാഴ്ച വരെ കാണേണ്ടി വന്നു. ഞങ്ങളാണ് യഥാർഥ് ഐ.എൻ.എൽ എന്ന് സംസ്ഥാന പ്രസിഡന്റ്അബ്ദുൾ വവാബ് വിഭാഗവും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ വിഭാഗവും അവകാശപ്പെടുമ്പോൾ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കുകയാണ് കാസിം ഇരിക്കൂർ. മാതൃഭൂമി ഡോട്കോമിന് നൽകിയ അഭിമുഖം
ഇരുവിഭാഗവും പരസ്പരം പുറത്താക്കി കഴിഞ്ഞിരിക്കുന്നു? എന്താണ് ഐ.എൻ.എല്ലിൽ സംഭവിച്ച് കൊണ്ടിരിക്കുന്നത്?
ഇരുവിഭാഗവും പുറത്താക്കിയെന്ന് പറയുന്നത് തന്നെ തെറ്റായ പ്രയോഗമാണ്. പാർട്ടിയിൽനിന്ന് പ്രസിഡന്റും ആറേഴാളും ഇറങ്ങി പോവുകയാണ് ചെയ്തത്. അവരെ പുറത്താക്കിയെന്നല്ലാതെ അവർക്ക് മറ്റാരെയും പുറത്താക്കാനുള്ള അധികാരമൊന്നുമില്ല. പ്രസിഡന്റ് ഞങ്ങളെ പുറത്താക്കിയെന്നൊക്കെ പറയുന്നത് വെറും അവകാശവാദം മാത്രമാണ്. പാർട്ടി ഭരണഘടനാ പ്രകാരം സംസ്ഥാന പ്രസിഡന്റിനെ പുറത്താക്കിയത് അഖിലേന്ത്യപ്രസിഡന്റിന്റ അധികാരം ഉപയോഗിച്ചാണ്. മറ്റ് സെക്രട്ടേറിയറ്റ് അംഗങ്ങളെ പുറത്താക്കിയത് ഭൂരിപക്ഷമുള്ള സംസ്ഥാന പ്രവർത്തക സമിതി യോഗമാണ്. ഓരോ അച്ചടക്ക നടപടിക്കും അതിന്റേതായ കാര്യങ്ങൾ ഉണ്ട്. അല്ലാതെ പ്രസിഡന്റ് റോഡിലൂടെ പോകുമ്പോൾ ഇതാ ജനറൽ സെക്രട്ടറിയ പുറത്താക്കിയെന്ന് പറയാനൊന്നും അവകാശമില്ല.
ലീഗിന്റെ ഏജന്റയി പ്രവർത്തിക്കുന്നവരാണ് പാർട്ടിയെ നിലവിലെ അവസ്ഥയിലേക്കെത്തിച്ചത് എന്നാണ് അബ്ദുൾ വഹാബ് വിഭാഗം ആരോപിക്കുന്നത്?
മനസ്സിൽ ലീഗ്, മുസ്ലീം ലീഗ് എന്ന് പറഞ്ഞ് നടക്കുന്ന ഒരു വിഭാഗം ആളുകൾ പാർട്ടിയിൽ ഉണ്ട്. മുസ്ലീം ലീഗിന്റെ സീറ്റും ആഗ്രഹിച്ച് നടക്കുന്ന ആളാണ് വഹാബ്. മുസ്ലീം ലീഗ് അനുവദിക്കുകയാണെങ്കിൽ വള്ളിക്കുന്നിൽ വഹാബ് സ്ഥാനാർഥിയാവുമെന്ന് കഴിഞ്ഞ തവണ തന്നെ സംസാരമുണ്ടായിരുന്നു. ഏതെങ്കിലും തരത്തിൽ എം.എൽ.എ. ആവുക, മറ്റെന്തെങ്കിലും സ്ഥാനമാനങ്ങൾ നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നയാളാണ് അബ്ദുൾ വഹാബ്. അയാളുടെ മനസ്സിലെ ദുഷ്ടചിന്തകൾ ഞങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയാണ് ചെയ്യുന്നത്. എം.കെ. മുനീർ അടക്കമുള്ള ആളുകളോടൊന്നിച്ച് ലീഗിൽ പ്രവർത്തിച്ചിരുന്ന ആളാണ് ഞാൻ. മുസ്ലീം ലീഗിന് അധികാരമുള്ള കാലത്ത് അധികാരത്തിന്റെ രാജപാത വിട്ട് പുറത്ത് വന്നവരിൽ ആദ്യവ്യക്തി ഞാനായിരുന്നു. അതിന് ശേഷം എത്രയോ പ്രതിസന്ധികൾ വന്നു. അന്നൊക്കെ ലീഗിലേക്ക് തിരിഞ്ഞ് നോക്കാത്തയാളാണ് ഞാൻ.നേരെ മറിച്ച് യു.ഡി.എഫിനൊപ്പം പോവാൻ ഏറേ താൽപര്യപ്പെട്ടയാളാണ് വഹാബ്. ഇടതുപക്ഷം ഐ.എൻ.എല്ലിനെ ഘടകകക്ഷിയാക്കാത്ത കാലത്ത് യു.ഡി.എഫിന് ഒപ്പം പോവാൻ ചർച്ച ചെയ്ത ആളാണ് വഹാബ്. അതുകൊണ്ട് അദ്ദേഹം പറയുന്നതിലൊന്നം കാര്യമില്ല. ഐ.എൻ.എല്ലിൽനിന്ന് ആരും ലീഗിലേക്ക് പോവില്ല. ലീഗിൽ ഇനി ഒന്നും ചെയ്യാനില്ലെന്ന് തിരച്ചറിഞ്ഞവരാണ് ഐ.എൻ.എൽ. പ്രവർത്തകർ. അവരിൽ വിശ്വാസമുണ്ട്.
അബ്ദുൾ വഹാബിന് തിരഞ്ഞെടുപ്പിൽ ജയിക്കാതെ പോയതിന്റെ പ്രശ്നം ഉണ്ടോ?
അദ്ദേഹത്തിന് തിരഞ്ഞെടുപ്പ് ജയിക്കാൻ കുറെ പരിമിതികളുണ്ട്. അതിൽ പ്രധാന കാരണം അദ്ദേഹത്തിന്റെ സിമി ചരിത്രമാണ്. ഞങ്ങളൊക്കെ പാർട്ടി പ്രവർത്തനത്തിലേക്ക് വരുന്നത് യൂത്ത് ലീഗിലൂടേയും എം.എസ്.എഫിലൂടെയുമെല്ലാമാണ്. എന്നാൽ അബ്ദുൾ വവാബ് വന്നത് സിമിയിലൂടെയാണ്. ആ സിമി ചരിത്രം അദ്ദേഹത്തിന് പലപ്പോഴും തിരിച്ചടിയാവാറുണ്ട്. പല തിരഞ്ഞെടുപ്പിലും അദ്ദേഹത്തിന് ഇതാണ് സംഭവിച്ചത്. തിരഞ്ഞെടുപ്പിന്റെ അവസാന പത്ത് ദിവസങ്ങളാവുമ്പോഴേക്കും ചില രാഷ്ട്രീയ കക്ഷികൾ വഹാബിന്റെ സിമി ബന്ധം എടുത്തു കാണിക്കും. ഇത് തോൽവിക്ക് കാരണമാവുകയും ചെയ്യും. മതനിരപേക്ഷതയുടെ മൂടുപടം അണിഞ്ഞുകൊണ്ടാണ് അദ്ദേഹം എൽ.ഡി.എഫിനൊപ്പം നിൽക്കുന്നത്. ഇത് നടക്കില്ലെന്ന് അദ്ദേഹത്തിന് ബോധ്യമായിട്ടുണ്ട്. പഴയ സിമി ബന്ധം വഹാബിനെ വലിയ രീതിയിൽ മാനസികമായും രാഷട്രീയമായും വേട്ടയാടുന്നുണ്ട്. ഇതിലൊക്കെയുള്ള നിരാശയാണ് പ്രശ്നത്തിന് കാരണം.
പി.എസ്.സി അംഗത്വ നിയമനത്തിന് 40 ലക്ഷം രൂപ കോഴ വാങ്ങിയെന്നതാണാണ് ഉയർന്ന് വന്ന പ്രധാന ആരോപണം-ഇങ്ങനെയൊരു സംഭവമുണ്ടോ ഇതിന്റെ യാഥാർഥ്യമെന്താണ്?
ശുദ്ധ അസംബന്ധമാണ്. പി.എസ്.സി. നിയമനം നടക്കുന്നത് ആറുമാസം മുമ്പാണ്. ഇപ്പോൾ ഇങ്ങനെയൊരു ആരോപണമുയർന്ന് വന്നതിൽ ചില ആസൂത്രിത നീക്കമുണ്ട്. ആരോപണമുന്നയിച്ച ഇ.സി. മുഹമ്മദ് എന്നയാൾക്ക് ഇങ്ങനെ പറയാനുള്ള ധൈര്യമൊന്നും ഇല്ല. പത്രസമ്മേളനം വിളിച്ച് ആരോപണം ഉന്നയിക്കുന്നതിന് മുന്നെ കോഴിക്കോട് ചേർന്ന യോഗത്തിൽ ആദ്യാവസാനം വരെ പങ്കെടുത്തയാളാണ് ഇ.സി. മുഹമ്മദ്. ആ യോഗത്തിലൊന്നും ഒരക്ഷരം പറഞ്ഞിരുന്നില്ല. പിറ്റെ ദിവസമാണ് സംസ്ഥാന സെക്രട്ടേറിയറ്റ് കോഴ വാങ്ങിയെന്ന ആരോപണവുമായി ഇ.സി. മുഹമ്മദ് വരുന്നത്. ഇതിന് പിന്നിൽ അബ്ദുൾ വഹാബ് അടക്കമുള്ള പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട കുത്തിത്തിരിപ്പ് രാഷ്ട്രീയം കളിക്കുന്നവരുടെ കൈകളുണ്ട്. ഇതിന് ഒരു കാരണമുണ്ട്. വഹാബ് കാസർകോട് മത്സരിച്ചപ്പോൾ പാർട്ടിയിൽ ഒരുആരോപണം വന്നിരുന്നു. കാസർകോട് സീറ്റ് ഞങ്ങളുടെ കോട്ടയം ജില്ലാ പ്രസിഡന്റിന് നൽകാൻ 20 ലക്ഷം കോഴ വാങ്ങിയെന്നതായിരുന്നു ആരോപണം. ഇതിനെ കുറിച്ച് പാർട്ടി അന്വേഷണം നടത്തുകയും റിപ്പോർട്ട് അഖിലേന്ത്യാ കമ്മിറ്റിക്ക് നൽകുകയും ചെയ്തിട്ടുണ്ട്. വഹാബിനെതിരേ ആരോപണം വന്നതോടെ മറ്റൊരു ആരോപണം കാസിം ഇരിക്കൂറിന്റെ തലയിലും ഇരിക്കട്ടെ എന്ന് വെച്ച് ഇട്ടതല്ലതെ, പി.എസ്.സി. വിഷയത്തിൽ ഒരു യാഥാർഥ്യവുമില്ല. ഞങ്ങളുടെ യുവജന വിഭാഗത്തിൽപ്പെട്ട ഒരു പാവപ്പെട്ട ടീച്ചറെയാണ് പി.എസ്.സിയിൽ നിയമിച്ചത്. ഇത് ആർക്കും അന്വേഷിച്ചാൽ മനസ്സിലാവുകയും ചെയ്യും.
പാർട്ടിക്ക് മന്ത്രിസ്ഥാനം ലഭിച്ചത് മുതൽ തുടങ്ങിയതാണ് തർക്കങ്ങൾ, ഒടുവിൽ പേഴ്സണൽ സ്റ്റാഫ് അംഗമായി സി.പി.എം നേതാവ് തന്നെ വരുന്ന അവസ്ഥയുമുണ്ടായി. എന്താണ് സംഭവിച്ചത്?
പേഴ്സണൽ സ്റ്റാഫ് അംഗം സി.പി.എമ്മുകാരനാവണമെന്ന് ഐ.എൻ.എൽ. അങ്ങോട്ട് ആവശ്യപ്പെട്ടതാണ്. പൂർണയോഗ്യനായിരിക്കണം, കാര്യങ്ങൾ അറിയാവുന്നയാളായിരിക്കണം എന്ന് നിബന്ധനയുള്ളത് കൊണ്ടാണ് അങ്ങനെയൊരു തീരുമാനത്തിലേക്ക് പോയത്. അല്ലാതെ, ഏതെങ്കിലും തരത്തിലുള്ള വിവാദ വിഷയത്തിന്റെ പേരിൽ സി.പി.എം. ഇങ്ങനെ നിയമിച്ചതൊന്നുമല്ല. നല്ല വിവരമുള്ള ഒരു അഡ്വക്കറ്റിനെ തന്നെയാണ് നിയമിച്ചത്. ഇത് നാടിന് വേണ്ടിയാണ്. സഹായിക്കണം എന്ന് പാർട്ടി അങ്ങോട്ട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നിയമിച്ചതാണ്. ഏതെങ്കിലും വിധേന പേഴ്സണൽ സ്റ്റാഫിൽ കയറി പറ്റണമെന്നാഗ്രഹിക്കുന്ന ക്ഷുദ്രശക്തികളാണ് ഇത്തരം ആരോപണത്തിന് പിന്നിൽ. പേഴ്സണൽ സ്റ്റാഫിൽ യോഗ്യതയുള്ളവരായിക്കണമെന്ന നിർബന്ധത്തിന്റെ ഭാഗമായിട്ടാണ് അത്തരമൊരു നിയമനം നടത്തിയത്. അല്ലാതെ, റോഡിലൂടെ കവലപ്രസംഗം നടത്തുന്നവരെ പേഴ്സണൽ സ്റ്റാഫിൽ ആക്കാൻ പറ്റില്ലല്ലോ?പേഴ്സണൽ സ്റ്റാഫിൽ കയറി പറ്റാൻ ചിലർ ശ്രമിച്ചിരുന്നു. പക്ഷെ, അഖിലേന്ത്യാ നേതൃത്വം ഞങ്ങൾക്ക് നൽകിയ നിർദേശം അവതരിപ്പിക്കുന്ന ടീം ഏറ്റവും നല്ലതായിരിക്കണമെന്നതാണ്. അതിന്റെ ഭാഗമായിട്ട് തന്നെയാണ് നിയമനം നടന്നതും. അത് അനുവദിക്കില്ലെന്ന് ചിലർ തീരുമാനിച്ചാൽ അവരുടെ സ്ഥാനം എവിടെ ആയിരിക്കുമെന്നത് പറയേണ്ട കാര്യമില്ലല്ലോ?
മന്ത്രി സ്ഥാനം നഷ്ടപ്പെടുമെന്ന ഭീതിയുണ്ടോ?
ഒരു തരത്തിലുള്ള ഭീതിയുമില്ല. പത്ത് മുപ്പത്ത് വർഷത്തോളമായി എൽ.ഡി.എഫിനേയും അതിലെ വ്യക്തികളേയും ഞങ്ങൾക്ക് അറിയാം. ഉത്തരവാദിത്വബോധമുള്ള കാര്യങ്ങളെ വസ്തുനിഷ്ഠമായി നോക്കി കാണുന്ന ഏറ്റവും നല്ല ടീമാണത്. അവരിൽനിന്ന് ഞങ്ങൾ നീതിയേ പ്രതീക്ഷിക്കുന്നുള്ളൂ. നീതി മാത്രമാണ് ഇതുവരെ കിട്ടിയത്. മുന്നണിയുടെ ഭാഗമല്ലാഞ്ഞിട്ട് പോലും അവർ ഞങ്ങളെ വലിയ രീതിയിൽ പരിഗണിച്ചിരുന്നു. നിലവിലെ കാര്യങ്ങളെല്ലാം വേണ്ടപ്പെട്ടവരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. പിന്നെ ഒരു പാർട്ടിയുടെ ആഭ്യന്തര കാര്യത്തിൽ അവർക്ക് ഇടപെടേണ്ട ആവശ്യവുമില്ല
ദേശീയ നേതൃത്വത്തിന്റെ പ്രതികരണം എങ്ങനെയാണ്?
ദേശീയ നേതൃത്വത്തിന് ആദ്യം മുതൽക്ക് തന്നെ ഇപ്പോൾ പുറത്താക്കിയ അബ്ദുൾ വഹാബിന്റെ പ്രവർത്തനങ്ങളോട് താൽപര്യമില്ല എന്നതാണ് സത്യം. അദ്ദേഹം ദേശീയ സമിതി യോഗത്തിൽ പങ്കെടുക്കാൻ പോവുമായിരുന്നില്ല. മാത്രമല്ല, ദേശീയ നേതൃത്വത്തെ അംഗീകരിക്കാനും തയ്യാറായിരുന്നില്ല. അതുകൊണ്ടാണ് ഒരു വർക്കിംഗ് പ്രസിഡന്റിനെ നിയമിക്കാനുള്ള സാഹചര്യമുണ്ടായതും. ദേശീയ നേതൃത്വം എല്ലാ കാര്യത്തിനും ഞങ്ങൾക്കൊപ്പം തന്നെയുണ്ട്.
Content Highlights:Abdul Vahab Kasim Irikkur INL