കൊച്ചി > ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ചുമതലയുള്ള പ്രഫുൽ കെ പട്ടേൽ കവരത്തിയിലെത്തി. തിങ്കളാഴ്ച രാത്രി നെടുമ്പാശേരിയിൽ എത്തിയ പട്ടേൽ ചൊവ്വാഴ്ചയാണ് കവരത്തിയിൽ എത്തിയത്. 14 ന് എത്താനിരുന്നതാണ്. കോവിഡ് വ്യാപനവും ദ്വീപുജനതയുടെ പ്രതിഷേധവുംമുലം യാത്ര മാറ്റുകയായിരുന്നു. കേന്ദ്ര സർക്കാർ അനുവദിച്ച വൈ കാറ്റഗറി സുരക്ഷയിലാണ് അദ്ദേഹം എത്തിയിട്ടുള്ളത്.
അതിസുരക്ഷാ നാവിക വിമാനം ഒഴിവാക്കിയാണ് യാത്ര. മുമ്പ് നാവിക വിമാനത്തിലാണ് എത്തിയിരുന്നത്. 20 ലക്ഷം രൂപയ്ക്കുമുകളിലാണ് ഒറ്റയാത്രക്ക് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ചെലവഴിച്ചിരുന്നത്. ഇത് വിവാദമായതോടെയാണ് നാവിക വിമാനം ഒഴിവാക്കിയത്.
അഹമ്മദാബാദിൽനിന്ന് കൊച്ചിയിലേക്ക് ഇൻഡിഗോ വിമാനത്തിലും കൊച്ചിയിൽനിന്ന് ദ്വീപിലേക്ക് എയർ ഇന്ത്യ വിമാനത്തിലുമായിരുന്നു യാത്ര. അഗത്തി ദ്വീപിലെ ഫിഷറീസ് സംരഭങ്ങളിലേക്കായിരുന്നു ആദ്യ സന്ദർശനം. വിവിധ വകുപ്പുകളുടെ ഫയലുകൾ, പദ്ധതി നടത്തിപ്പുകൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകളും നടന്നു. നിർണ്ണായക ഉത്തരവുകൾ വരുംദിവസങ്ങളിൽ ഉണ്ടായേക്കും. ബുധനാഴ്ച വൈകിട്ട് അഞ്ചിനാണ് സേവ് ലക്ഷദ്വീപ് ഫോറം നേതാക്കളുമായുള്ള കൂടിക്കാഴ്ച.
കവരത്തി ദ്വീപിലെ പുതിയ ഹൈസ്കൂളിന്റെ നിർമ്മാണ സംബന്ധമായ ചർച്ചകൾ, അവതരണം എന്നിവയിലും പങ്കെടുക്കും.















