തിരുവനന്തപുരം: കേരളത്തിലെ കോവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട് സർക്കാരിന്റെ കണക്കുംകേരളാ മിഷന്റെ കണക്കുകളും തമ്മിൽ വൻ വൈരുദ്ധ്യം. മുഖ്യമന്ത്രിയുടെ ഓഫീസ് നൽകിയ കണക്കിനെക്കാൾ 7000 ൽ അധികം കോവിഡ് മരണങ്ങൾ സംസ്ഥാനത്ത് നടന്നതായാണ് കേരള മിഷന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.
അടിയന്തര പ്രമേയ നോട്ടീസുമായി ബന്ധപ്പെട്ട ചർച്ചയിൽ സംസാരിക്കുകയായിരുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് നിയമസഭയിൽ ഇക്കാര്യം ഉന്നയിച്ചത്.
ഇക്കാര്യം ശരിവെക്കുന്ന വിവരാവകാശ രേഖകളും പ്രതിപക്ഷ നേതാവിന്റെ ഓഫീസ് പുറത്തുവിട്ടിട്ടുണ്ട്. ഈ രേഖ പ്രകാരമാണ് കണക്കിൽപ്പെടാത്ത 7316 മരണങ്ങൾ സംസ്ഥാനത്ത് കോവിഡ് കാരണം സംഭവിച്ചിട്ടുള്ളതായി വിവരം ലഭിച്ചിരിക്കുന്നത്.
വിവരാവകാശ രേഖ പ്രകാരം 23,486 മരണങ്ങളാണ് 2020 ജനുവരി മുതൽ കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ മുഖ്യമന്ത്രിയുടെ ഇന്നലെ നൽകിയ വാർത്താക്കുറിപ്പിൽ ആകെ മരണം 16,170 മാത്രമാണ്.
നേരത്തെ കേന്ദ്ര സർക്കാരും ഐ.സി.എം.ആറും സംസ്ഥാനത്തെ കോവിഡ് മരണങ്ങളിൽ പൊരുത്തക്കേടുണ്ടെന്ന് വിമർശിച്ചിരുന്നു.
Content Highlights: Huge difference in kerala covid death toll