പാലക്കാട്> കൈയിൽ കയറി പിടിച്ചെന്നും ശല്യപ്പെടുത്തിയെന്നുമുള്ള രമ്യ ഹരിദാസ് എംപിയുടെ വാദം പച്ചക്കള്ളമാണെന്ന് കോവിഡ് മാനദണ്ഡ ലംഘനം ചോദ്യം ചെയ്ത സനൂഫ്. ഹോട്ടലിലെ സിസിടിവി ദൃശ്യം പരിശോധിച്ചാൽ എംപിയുടെ വാദം പൊളിയും.
എന്നെ സംഘംചേർന്ന് കൈയേറ്റം ചെയ്യുന്നത് സിസിടിവി ദൃശ്യത്തിൽനിന്ന് വ്യക്തമാകും. മൂന്നു സ്വകാര്യകമ്പനിയിൽ എനിക്ക് ജോലി ശരിയായിട്ടുണ്ട്. എംപിയുടെ പരാമർശം എന്റെ ഭാവിയെ തകർക്കാൻപോന്നതാണ്. വീഡിയോ എടുത്തില്ലായിരുന്നുവെങ്കിൽ നിരപരാധിത്വം തെളിയിക്കാനാകില്ലായിരുന്നു. എൻജിനിയറിങ് കഴിഞ്ഞ് പാർട് ടൈം ആയാണ് ഞാൻ ജോലി ചെയ്യുന്നത്.
സ്വകാര്യ ഭക്ഷണവിതരണ ശൃംഖലയിലെ ജോലിയുടെ ഭാഗമായി ഭക്ഷണമെടുക്കാനാണ് പാലക്കാട് കൽമണ്ഡപത്തെ ഹോട്ടലിലെത്തിയത്. പുറത്ത് എംപിയുടെ കാർ കിടക്കുന്നത് കണ്ടു. അവിടെ അകത്ത് എംപിയും കൂട്ടരും ഭക്ഷണം കഴിക്കാനുള്ള ഒരുക്കത്തിലാണെന്ന് ബോധ്യമായി. സുഹൃത്തിനോട് ഇക്കാര്യം സംസാരിച്ചു. അകത്തേക്ക് ചോദിക്കാനായി കയറി. രമ്യ ഹരിദാസ്, വി ടി ബലറാം, റിയാസ് മുക്കോളി, പാളയം പ്രദീപ് ഉൾപ്പെടെയുള്ളവർ മുന്നിൽ ഗ്ലാസിൽ വെള്ളവുമായി ഭക്ഷണത്തിന് കാത്തിരിക്കുകയായിരുന്നു. മാസ്ക് ധരിച്ചിരുന്നില്ല.
ബഹുമാനത്തോടെ എംപിയെ ‘മാം’എന്നാണ് ഞാൻ അഭിസംബോധന ചെയ്തത്. ഉത്തരവാദിത്തമുള്ള ഒരാളെന്ന നിലയിൽ മറ്റുള്ളവർക്ക് മാതൃകയാകേണ്ട അങ്ങ് കോവിഡ് മാനദണ്ഡം ലംഘിച്ച് ഭക്ഷണം കഴിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞു. ഈ സമയം നിരവധിപേർ ഇവർക്കു സമീപം ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. പാർസൽ എടുക്കാൻ വന്നതെന്നായിരുന്നു എംപിയുടെ മറുപടി. മറ്റുള്ളവർ കഴിക്കുന്നത് എംപിക്ക് തടയാമായിരുന്നില്ലേ എന്ന ചോദ്യത്തിന് ഇതെന്റെ മണ്ഡലമല്ലെന്നാണ് പറഞ്ഞത്.
ഉടൻ ഇവർ സീറ്റിൽനിന്നെണീറ്റ് തന്നെയുംകൂട്ടി പുറത്തേക്കു വന്നു. എനിക്കുള്ള പാർസൽ ലഭിച്ചെന്നും ഞാൻ പോകുകയാണെന്നും അറിയിച്ചപ്പോൾ നിർബന്ധിച്ച് എന്നെ പിടിച്ചിരുത്താൻ ശ്രമിച്ചു. ഈ സമയം പാളയം പ്രദീപ് പുറത്തുവന്ന് ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിക്കുകയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഇവർ എന്നെയും സുഹൃത്ത് ആസാദിനെയും മർദിച്ചു. ഉത്തരവാദിത്തപ്പെട്ടവർതന്നെ കോവിഡ് പ്രതിരോധത്തിന് എതിരായി പ്രവർത്തിച്ചാൽ പൊതുജനത്തിന് കാര്യം തുറന്നുകാണിക്കാനുള്ള അവകാശമില്ലേ. ചോദ്യം ചെയ്യുന്നയാളെ അപമാനിക്കുന്നതാണോ ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധി ചെയ്യേണ്ടതെന്നും സനൂഫ് ചോദിക്കുന്നു.