കൊല്ലം: ചടയമംഗലത്ത് കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയപെൺകുട്ടിക്കെതിരേ പോലീസ് കേസ് എടുത്തു. ഗൗരി നന്ദ എന്ന പെൺകുട്ടിക്കെതിരേയാണ് പോലീസ് കേസെടുത്തത്.
ഇന്നലെ രാവിലെയാണ് ചടയമംഗലത്ത് കേസിനാസ്പദമായ സംഭവം. എടിഎമ്മിൽ നിന്നും പണം പിൻവലിക്കാനെത്തിയതാണ് പെൺകുട്ടി. സാമാന്യം തിരക്കുണ്ടായിരുന്ന സമയമായതിനാൽ സാമൂഹിക അകലം പാലിക്കാത്തതിന്റെ പേരിൽ അവിടെയുണ്ടായിരുന്ന ഒരു മുതിർന്ന വ്യക്തിക്ക് പോലീസ് നോട്ടീസ് നൽകി.
ചടയമംഗലം എസ്.ഐ ശരൺലാലിന്റെ നേതൃത്വത്തിൽ തിരക്ക് നിയന്ത്രിക്കാനെത്തിയ സംഘമാണ് നോട്ടീസ് നൽകിയത്. നോട്ടീസ് നൽകിയ വ്യക്തിയും പോലീസും തമ്മിൽ ആദ്യം വാക്കുതർക്കം ഉണ്ടായി.ഇത് ശ്രദ്ധയിൽപെട്ട പെൺകുട്ടി തർക്കത്തിന്റെ കാരണം തിരക്കി. ഇതോടെ പോലീസ് പെൺകുട്ടിക്കും നോട്ടീസ് നൽകി. തുടർന്ന് പോലീസും പെൺകുട്ടിയും തമ്മിൽ തർക്കമായി.
പോലീസ് പെൺകുട്ടിയിൽ നിന്ന് പിഴ ഈടാക്കിയിട്ടില്ല. കോവിഡ് മാനദണ്ഡം പാലിച്ചില്ലെന്ന് കാണിച്ചാണ് നോട്ടീസ് നൽകിയത്. സാമൂഹിക അകലം പാലിക്കാത്തതിനാണ് നോട്ടീസെങ്കിൽ പോലീസിന് എന്തുകൊണ്ട് നോട്ടീസ് നൽകുന്നില്ലെന്ന് പെൺകുട്ടി ചോദിച്ചു. പോലീസ് നൽകിയ നോട്ടീസ് പെൺകുട്ടി കൈപറ്റിയുമില്ല. വൈകീട്ടോടെ പെൺകുട്ടിക്കെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിക്കുകയായിരുന്നു.
കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ല എന്നീ രണ്ടു വകുപ്പുകൾ പ്രകാരമാണ് കേസ് ചുമത്തിയിരിക്കുന്നത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ തന്നെയാണ് ചുമത്തിയതെന്ന് പോലീസ് പറയുന്നു.
Content Highlights: police take case aganist girl who blocked the duty of police