ന്യൂഡൽഹി
സുപ്രധാന ചുമതലയുള്ള സൈനിക മേധാവികളെയും പെഗാസസ് ചോർത്തി. ബിഎസ്എഫ് തലവനായിരുന്ന കെ കെ ശർമ, കമാൻഡന്റായിരുന്ന ജഗദീഷ് മൈത്താനി, റോയിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ജിതേന്ദ്രകുമാർ ഓജ, കരസേനയിൽ കേണൽമാരായിരുന്ന മുകുൾ ദേവ്, അമിത് കുമാർ എന്നിവരുടെ ഫോണുകൾ ചോർത്തൽ പട്ടികയിലുണ്ടെന്ന് ‘ദി വയർ’ വെളിപ്പെടുത്തി.
ബിഎസ്എഫ് തലവനായിരിക്കെ 2018 ഫെബ്രുവരിയിൽ കൊൽക്കത്തയിൽ ആർഎസ്എസ് പരിപാടിയിൽ കെ കെ ശർമ യൂണിഫോമിൽ പങ്കെടുത്തത് വിവാദമായി. ഒരു മാസത്തിനുശേഷം ശർമയുടെ മൂന്ന് നമ്പർ നിരീക്ഷണത്തിലായി. ഇതിൽ രണ്ടെണ്ണം ശർമ ഇപ്പോഴും ഉപയോഗിക്കുന്നു.
അസമിൽ ബിഎസ്എഫ് കമാൻഡന്റായിരുന്ന ജഗദീഷ് മൈത്താനിയെ 2017 മുതൽ 19 വരെ നിരീക്ഷിച്ചു. ഇന്ത്യ–- ബംഗ്ലാദേശ് അതിർത്തിയിൽ സ്മാർട്ട് ഫെൻസിങ് സംവിധാനമെന്ന സങ്കൽപ്പം മുന്നോട്ടുവച്ചത് മൈത്താനിയായിരുന്നു. 2018ൽ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചതോടെയാണ് ജിതേന്ദ്രകുമാർ ഓജയും ഭാര്യയും നിരീക്ഷണത്തിലായത്. പ്രതിരോധ മന്ത്രാലയത്തിനെതിരായി നിയമനടപടിക്ക് മുതിർന്ന മുകുൾ ദേവും അമിത് കുമാറും നിരീക്ഷിക്കപ്പെട്ടു.