തിരുവനന്തപുരം
പാർടി ദേശീയ നേതൃത്വം തള്ളിപ്പറഞ്ഞ കേന്ദ്ര ഏജൻസികളെ കേരളത്തിലെ കോൺഗ്രസ് വെള്ളപൂശുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിബിഐയെ രാഷ്ട്രീയ ചട്ടുകമെന്നും ഇഡിയെ ഡെർട്ടി ട്രിക്സിന്റെ ഡിപ്പാർട്ട്മെന്റ് എന്നുമാണ് കോൺഗ്രസിന്റെ ദേശീയ നേതൃത്വം വിശേഷിപ്പിച്ചത്. ഒത്തുകളി ശീലിച്ചവർ അത് പറഞ്ഞുകൊണ്ടേയിരിക്കും. ശ്രദ്ധ തിരിച്ചുവിടലാണ് ലക്ഷ്യം. കുഴൽപ്പണക്കേസ് സംസ്ഥാനം അന്വേഷിക്കണ്ട, കേന്ദ്ര ഏജൻസി അന്വേഷിക്കട്ടേയെന്ന് പറഞ്ഞവർ ആരെ രക്ഷിക്കാനാണ് ലക്ഷ്യമിട്ടതെന്ന് എല്ലാവർക്കുമറിയാം.
ലൈഫ് മിഷന്റെ കാര്യത്തിൽ ഇല്ലാത്ത കേസുമായി സിബിഐക്ക് പരാതി നൽകിയ കോൺഗ്രസ്, ബിജെപി ഉൾപ്പെടുന്ന കുഴൽപ്പണക്കേസിൽ പരാതിക്ക് പോയിട്ടുണ്ടോ?
എല്ലാം കേന്ദ്ര ഏജൻസിക്ക് വിടാത്തതിലാണ് യുഡിഎഫിന് ആശങ്ക. ബിജെപി പ്രതിസ്ഥാനത്തുള്ള കേസ് ബിജെപിയുടെ ഭരണനേതൃത്വത്തിൽത്തന്നെയുള്ള സംവിധാനം അന്വേഷിച്ചാൽ മതിയെന്നാണ് യുഡിഎഫ് പറയുന്നത്. അത്രയ്ക്ക് വിശ്വാസമാണ് അവർക്ക് ബിജെപിയിൽ. ബിജെപി യുടെ വോട്ടടക്കം നാണമില്ലാതെ യുഡിഎഫ് വാങ്ങിയിട്ടും അതിനെയും കടന്ന് ജനങ്ങൾ കൂടുതൽ ഭൂരിപക്ഷത്തോടെ എൽഡിഎഫിനെ അധികാരത്തിൽ എത്തിച്ചതിന്റെ മനഃപ്രയാസമാണ് കാണിക്കുന്നത്.
പ്രധാനമന്ത്രിയെ ഔപചാരികമായി കണ്ടിട്ടുണ്ട്. രാഷ്ട്രീയമായി മത്സരിക്കുകയും വികസനകാര്യത്തിൽ ഒന്നിച്ചുനിൽക്കാമെന്ന് പ്രധാനമന്ത്രിയുടെ മുഖത്തുനോക്കി പറഞ്ഞിട്ടുമുണ്ട്. ഒട്ടേറെ വികസനത്തിന് കേന്ദ്രസഹായം വേണം. അത് ഔദാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.