വേട്ടയാടപ്പെട്ട ‘മാധ്യമ ഇരകൾക്ക്’ സമചിത്തത വീണ്ടെടുക്കാൻ വേണ്ട സന്ദർഭത്തിൽ കൗൺസലിംഗും, കേസ് നടത്താൻ വേണ്ട നിയമോപദേശവും മറ്റും സൗജന്യമായി നൽകാൻ പ്രഗൽഭരുടെ ഒരു കൂട്ടായ്മ സജ്ജമായതിന്റെ സന്തോഷം പങ്ക് വെക്കട്ടെ. ഇന്ത്യയിലെ എന്നല്ല, ലോകത്തിലെ തന്നെ മികച്ച അഭിഭാഷകരുടെ നിയമ സഹായം ലഭ്യമാക്കാനുള്ള സംവിധാനം. മാനനഷ്ട (civil&criminal) കേസുകളിൽ സ്പെഷ്യലൈസ് ചെയ്തവരുടെ താരനിരയാണ് നമുക്ക് വേണ്ടി സജ്ജമാവുന്നത്. ഇരകൾക്ക് തികച്ചും സൗജന്യമായാണ് ഈ സേവനം. മനശ്ശാസ്ത്രജ്ഞന്റെ സേവനം മുതൽ, വേണ്ടി വന്നാൽ സുപ്രീം കോടതിയിലെ കേസ് നടത്തിപ്പ് വരെ. ഈയൊരു സംരംഭത്തിന്റെ നടത്തിപ്പ് സുമനസ്സുക്കളായ പ്രഗൽഭരുടെ കൂട്ടായ്മയിലൂടെയാണ് സാധ്യമാവുന്നത്- പ്രശാന്ത് ഐഎഎസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
പ്രശാന്ത് പറയുന്നത് ഇങ്ങനെ- മാധ്യമ വേട്ടയാടൽ കാരണം ആത്മഹത്യ ചെയ്തവരും, ആത്മഹത്യയുടെ വക്കത്തെത്തിയവരും, മാനസിക വിഭ്രാന്തിയിലേക്ക് തള്ളപ്പെട്ടവരും ഉണ്ട്. തകർന്ന കുടുംബങ്ങളും ഉണ്ട്. അച്ഛനോ അമ്മയോ നഷ്ടപ്പെട്ടവരുണ്ട്. ഏതെങ്കിലും മാധ്യമം ഇത് റിപ്പോർട്ട് ചെയ്ത് കണ്ടിട്ടുണ്ടോ? കാണില്ല. നമ്മുടെ ചുറ്റിലും എത്രയോ അഭിനവ ചെറുചാരക്കേസുകളും അതിലേറെ മലീമസമായ മാധ്യമ പ്രവർത്തനവും നടക്കുന്നുണ്ട്. നമുക്ക് അപകടം സംഭവിക്കാത്തത് വരെ, അങ്ങനൊന്നില്ല എന്ന് കരുതി ജീവിക്കുകയാണ് നമ്മളെല്ലാരും.
ഇതിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലുമ്പോഴാണ് ഇത്രയധികം മാധ്യമ ഇരകൾ പ്രബുദ്ധ കേരളത്തിൽ ഉണ്ടെന്ന് അറിയുന്നത്. പുഴുത്ത് ചീഞ്ഞ കാര്യങ്ങളാണ് പലതും എന്ന് ഞാനറിഞ്ഞത് ഒരു മാധ്യമ സ്ഥാപനം എനിക്കെതിരെ മാനഹാനിയുണ്ടാക്കും വിധം വാർത്ത കൊടുത്ത് അതിലെന്റെ സ്വകാര്യ ഫോൺ നമ്പറും ഈമെയിൽ ഐഡിയും അച്ചടിച്ചപ്പോഴാണ്. എന്റെ സ്വകാര്യത നശിപ്പിക്കാൻ നിയമ വിരുദ്ധമായി അവർ ചെയ്ത അതിബുദ്ധി കാരണമാണ് സാധാരണക്കാർ ഇവരെക്കൊണ്ട് ഇത്രയേറെ പൊറുതിമുട്ടിയിരിക്കുകയാണെന്ന് ഞാനറിഞ്ഞത്. അത്രയധികം പേരാണ് ഈ വിഷയം പറയാൻ എന്നെ ബന്ധപ്പെട്ടത്.
എന്നെക്കാൾ ഇവരുടെ പീഢനം അനുഭവിക്കുന്ന ഒട്ടനവധിപ്പേരുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. പണം വാങ്ങി, ചിലരുടെ വാർത്തകൾ മുക്കുകയും ഗതികേട് കൊണ്ട് അച്ചടിക്കേണ്ടി വരുമ്പോൾ ‘പ്രമുഖൻ’ എന്നെഴുതുകയും ചെയ്യുന്നത് കണ്ടിട്ടില്ലേ? പാവപ്പെട്ടവനെയും, തിരിച്ച് ഒന്നും ചെയ്യാൻ കെൽപ്പില്ലെന്ന് തോന്നുന്നവനെയും പരമാവധി എഴുതി നശിപ്പിക്കാൻ എന്താണ് കാരണം?
ഇരകൾ ഒരു കാര്യം മാത്രം മനസ്സിലാക്കുക – നിങ്ങൾക്ക് മാനഹാനി വരുത്തുന്ന വിധത്തിൽ ഒരു വാർത്ത അച്ചടിച്ചു/telecast ചെയ്ത് കഴിയുന്ന നിമിഷം മുതൽ ആ മാധ്യമ സ്ഥാപനവും മാധ്യമപ്രവർത്തകനും കുറ്റവാളികളായി കഴിഞ്ഞു. ഇനി ഭയപ്പെടേണ്ടത് അവരാണ്. നിങ്ങളല്ല. നിയമപരമായി കൃത്യമായി നീങ്ങിയാൽ തടവും പിഴയും മാത്രമല്ല, ഭീമമായ നഷ്ടപരിഹാരവും തരാൻ അവർ ബാധ്യസ്ഥരാണ്. നിയമ പരിജ്ഞാനം ലവലേശം ഇല്ലാത്തവരാണ് ഇത്തരം വാർത്തകൾ അടിച്ചു വിടുന്നത് എന്നും മനസ്സിലാക്കുക. പൂർണമായ തെളിവ് സഹിതം കൊലപാതകം നടത്തുന്നത് പോലെയാണ് ഇവരുടെ വാർത്താറിപ്പോർട്ടുകൾ. വക്കീലിനും കോടതിക്കും വലിയ പണിയൊന്നും ചെയ്യേണ്ടതായിട്ടില്ല – വാർത്ത ഒന്ന് വായിച്ചാൽ മതി! ഒന്നോ രണ്ടോ നല്ല കേസ് വന്നാൽ മാധ്യമസ്ഥാപനം തന്നെ പൂട്ടി പോകാനും മതി. മിക്ക മാധ്യമ സ്ഥാപനങ്ങളും ഊതി പെരുപ്പിച്ച ബലൂൺ മാത്രമാണ് എന്നത് ഇരകൾക്ക് അറിയില്ല. നിങ്ങളിൽ പലരുടെയും ഔദാര്യത്തിലാണ് അവരുടെ നിലനിൽപ്പ് പോലും. ഇത്തരം കേസുകളിൽ സിവിൽ ആയും ക്രിമിനൽ ആയും നിയമനടപടി എടുക്കാൻ സാധിക്കും, അദ്ദേഹം പറഞ്ഞു.
ഇനി, നാട്ടിലെ മാധ്യമം മാനഹാനി വരുത്തിയ അന്യനാട്ടിലെ പ്രവാസിയാണെങ്കിൽ എന്ത് ചെയ്യും? അതിനും പരിഹാരമുണ്ട്. ഓൺലൈനായി വിദേശത്ത് വച്ച് നിങ്ങൾക്കത് കാണാനായാൽ അവിടത്തെ കോടതിയിൽ കേസ് നടത്താം. ഒരു പക്ഷേ അതിവേഗം, വലിയ നഷ്ടപരിഹാരത്തുക കൈക്കലാക്കുകയും ചെയ്യാം. വിദേശങ്ങളിലുള്ള പ്രഗൽഭ അറ്റോർണികൾ നിങ്ങളെ സഹായിക്കാനുണ്ടാവും. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള സ്വയം പ്രഖ്യാപിത പ്രതികരണത്തൊഴിലാളികളെയും നിയമത്തിന് മുമ്പിൽ എത്തിക്കാനാവും.
വ്യക്തികളുടെ അഭിമാനത്തിന് ക്ഷതം ഏൽപ്പിക്കുന്ന നിയമലംഘനത്തെ നിയമപരമായി നേരിടാനുള്ള കൂട്ടായ്മയിൽ നിങ്ങൾക്കും ചേരാം. നിങ്ങളൊരു മാധ്യമ ഇരയോ ഈ ആശയവുമായി സഹകരിക്കാൻ താൽപര്യപ്പെടുന്ന നിയമവിദദ്ധയോ മനശ്ശാസ്ത്രജ്ഞയോ ആണെങ്കിൽ താഴെക്കാണുന്ന ഈ മെയിലിൽ ബന്ധപ്പെടൂ. contact@mediavictims.org. ഏതെങ്കിലും ഇര നിയമനടപടികൾ എടുക്കുന്നു എന്ന് തോന്നുമ്പോൾ സെറ്റിൽ ചെയ്യിക്കാൻ രാഷ്ട്രീയമായും സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തും സമ്മർദ്ദം ചെലുത്തുന്ന ഒരു പ്രത്യേക തരം സംഘവുമുണ്ട് കേരളത്തിൽ. ഇതിനെയെല്ലാം അതിജീവിക്കാൻ പറ്റുന്നവർ നേതൃത്വം നൽകുന്ന സംവിധാനമാണ് വരുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പങ്ക് വെക്കുന്നതാണ്- പ്രശാന്ത് ഐഎഎസ് വ്യക്തമാക്കി.