ഒരു ദാരുണ മരണം… ട്രാൻസ്ജെൻഡർ അനന്യാ കുമാരി അലക്സിന്റെ മരണം വളരെ വേദനയോടെയാണ് കേരളം കണ്ടത്. ഒരു ട്രാൻസ് സ്ത്രീ മാത്രമായിരുന്നില്ല അവർ മലയാളിക്ക്. തന്റെ സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുകയും, നിയമസഭാ തിരഞ്ഞെടുപ്പിന് മത്സരിക്കാൻ ഒരുങ്ങുകയും ചെയ്ത അനന്യ, ട്രാൻസ് സമൂഹത്തിന് ഒരു മാതൃക ആകേണ്ടവളായിരുന്നു.
സെക്സ് റീഅസൈൻമെന്റ് സർജറി(SRS) കഴിഞ്ഞതിന് ശേഷം വേദന സഹിക്കാതെ കഴിഞ്ഞതും പിന്നീട് മരണത്തിന് കീഴടങ്ങിയതുമൊക്കെ എല്ലാ വിഭാഗക്കാരെയും വേദനിപ്പിച്ചു. കേരള സർക്കാർ ഇപ്പോൾ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണല്ലോ.ഈ സന്ദർഭത്തിൽ, transgender (ടി.ജി.) അവകാശങ്ങളെ പറ്റിയും, നിയമത്തിൽ പറയുന്ന സംരക്ഷണത്തെപ്പറ്റിയും മെഡിക്കൽ വശങ്ങളെപ്പറ്റിയും ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.
ടി.ജിയുടെ സമഗ്രമായ മനുഷ്യാവകാശങ്ങൾ, തുല്യത, വിവേചനമില്ലായ്മ, നിയമപരമായ അംഗീകാരം, ജീവിക്കാനുള്ള അവകാശം, സ്വകാര്യതയ്ക്കുള്ള അവകാശം, മെഡിക്കൽ ദുരുപയോഗത്തിൽനിന്നുള്ള മോചനം മുതലായ വിഷയങ്ങളെല്ലാം, യോഗ്യകർത്താ തത്വങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നു. ഇൻഡൊനീഷ്യയിലെ യോഗ്യകർത്താ എന്ന സ്ഥലത്തു 2006-ൽ ലോകത്തെ പ്രധാന മനുഷ്യാവകാശ പ്രവർത്തകരുടെ ഒരു കൂട്ടായ്മയിലൂടെയാണ് ഈ തത്വങ്ങൾഉരുത്തിരിഞ്ഞത്.ഇന്ത്യയുടെ സുപ്രീം കോടതി, 2014-ലെ ഒരു പ്രധാന വിധിയിലൂടെ (NALSA) ഇവയെ, ഇന്ത്യയുടെ നിയമത്തിന്റെ ഭാഗമാക്കി മാറ്റുകയും ചെയ്തു.
ഈ വിധിയിലൂടെ സുപ്രീം കോടതി ടി.ജി. വിഭാഗത്തിന് സ്വയം ലിംഗനിർവചനത്തിനുള്ള അവകാശം, SRS (ലിംഗമാറ്റ) ശസ്ത്രക്രിയ ചെയ്തതാണെങ്കിലും അല്ലെങ്കിലും സാമൂഹിക സാമ്പത്തിക പരാധീനതകൾ അനുഭവിക്കുന്നവർക്കുള്ള പഠനത്തിനും തൊഴിലിനും സംവരണത്തിനുള്ള അവകാശം മുതലായവ നടപ്പാക്കണമെന്ന് നിർദേശിച്ചു. ടി.ജി. അനുഭവിക്കുന്ന പേടി, ലജ്ജ, സാമൂഹിക സമ്മർദം, ഒറ്റപ്പെടുത്തലുകൾ, സാമൂഹിക മുദ്രകുത്തലുകൾ, ആത്മഹത്യ പ്രവണത മുതലായ പ്രശ്നങ്ങൾക്ക് സർക്കാരിന്റെ ഭാഗത്തുനിന്ന് ഗൗരവമായ നടപടികൾ ഉണ്ടാവേണ്ടതും നിർദേശിച്ചു. ടി.ജികൾക്ക് ആശുപത്രികളിൽ വേണ്ട പരിചരണം കിട്ടാനും, പ്രത്യേകമായ ശുചിമുറി തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടാക്കുവാനും നിർദേശിച്ചു. ടി.ജികളുടെ മാനുഷികമായ അന്തസ്സ്, ഒമ്പതംഗസുപ്രീം കോടതി ബെഞ്ച്, സ്വകാര്യത മൗലികാവകാശമാക്കി പ്രഖ്യാപിച്ച വിധിയിൽ ഊന്നിപ്പറയുകയും ചെയ്തു.
ഇപ്പോഴത്തെ നിയമം
Transgender Persons (Protection of Rights) Act, 2019 (TG Act) എന്നൊരു നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച് പ്രാബല്യത്തിൽ വന്നത് 2020 ജനുവരി പത്തിനാണ്. അതിലെ നിർവചനമനുസരിച്ച്, ട്രാൻസ് പുരുഷനോ, ട്രാൻസ് സ്ത്രീയോ, SRS ശസ്ത്രക്രിയ ചെയ്താലും ഇല്ലെങ്കിലും ടി.ജിയുടെ അർഥത്തിൽ വരും. പക്ഷെ ടി.ജി. ആണെന്ന സർട്ടിഫിക്കറ്റ് വാങ്ങാൻ ജില്ലാ മജിസ്ട്രേറ്റിന്റെ അടുത്ത് പോകേണ്ടി വരും. അതെ പോലെ, പിന്നീട് ഒരു എസ്.ആർ.എസ്. ചെയ്തുവെന്ന് വിചാരിക്കുക. അപ്പോൾ പിന്നെയും, ജില്ലാ മജിസ്ട്രേറ്റിന്റെ അടുത്ത് പോയി ഒരു റിവൈസ്ഡ് സട്ടിഫിക്കറ്റ് വാങ്ങേണ്ടി വരും. ടി.ജി. നിയമത്തിന്റെ ഭരണഘടനാസാധുത, സ്വാതി ബിദാൻ ബറുവ എന്ന ട്രാൻസ് വ്യക്തി കൊടുത്ത ഹർജിയിൽ സുപ്രീം കോടതി പരിഗണനയ്ക്ക് വച്ചിരിക്കുകയാണ്. അതിലെ ഒരു പ്രധാന പരാതി, ടി.ജി. നിയമം സർക്കാർ ട്രാൻസ് വ്യക്തികളെ തിരിച്ചറിയൽ നടത്തുന്ന രീതിയിൽ ആണെന്നാണ്. അതേപോലെ, ഈ നിയമത്തിൽ നിഷ്കർഷിച്ചിരിക്കുന്ന ശിക്ഷ വളരെക്കുറവ് ആണെന്നും പരാതി പറയുന്നു.
ഈ നിയമത്തിലെ 15-ാം വകുപ്പിൽ വളരെ പ്രധാനപ്പെട്ട പല കാര്യങ്ങളും നിഷ്കർഷിച്ചിരിക്കുന്നു. ഉദാഹരണമായി-
(a) എച്ച്.ഐ.വി. സെറം നിരീക്ഷണം
(b) ആരോഗ്യ രക്ഷാകാര്യങ്ങളിൽ, പ്രത്യേകിച്ച് എസ്.ആർ.എസ്., ഹോർമോൺ ചികിത്സ കാര്യങ്ങളിൽ സൗകര്യം ഒരുക്കുക
(c) എസ്.ആർ.എസ്. ശസ്ത്രക്രിയക്കും ഹോർമോൺ ചികിത്സക്കും മുൻപും അതിനു ശേഷവും കൗൺസിലിങ്
(d) വേൾഡ് പ്രൊഫഷണൽ അസോസിയേഷൻ ഫോർ ട്രാൻസ്ജെൻഡർ ഹെൽത്തിന്റെ മാർഗ നിർദേശ രീതിയിലുള്ള ഒരു ഹെൽത്ത് മാന്വൽ കൊണ്ട് വരിക
(e) ടി.ജിയുടെ പ്രശ്നങ്ങൾക്കു അനുസൃതമായി, മെഡിക്കൽ പാഠ്യപദ്ധതിയിൽ വേണ്ട മാറ്റം കൊണ്ട് വരിക
(f) ടി.ജിക്ക് ആശുപത്രികളിലും മറ്റ് ആരോഗ്യകേന്ദ്രങ്ങളിലും സുഗമമായി കയറിയിറങ്ങാനുള്ള അവസരം സൃഷ്ടിക്കുക
(g) ടി.ജിക്ക് എസ്.ആർ.എസ്. ശസ്ത്രക്രിയയോ മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളോ കവർ ചെയ്യുന്ന രീതിയിലുള്ള ഇൻഷുറൻസ് ഏർപ്പാടാക്കുക മുതലായവ.
16-ാം വകുപ്പ് ടി.ജിക്ക് വേണ്ടി ഒരു നാഷണൽ കൗൺസിൽ ഉണ്ടാവണമെന്ന് നിഷ്കർഷിക്കുന്നു.
ഇങ്ങനെയുള്ള വാഗ്ദാനങ്ങൾ നിയമത്തിൽ ഉണ്ടെങ്കിലും, നടപ്പാക്കൽ വളരെ പതുക്കെയാണ്.
മെല്ലെപ്പോക്ക്
ടി.ജിക്ക് വേണ്ടി സമഗ്രമായുള്ള കേന്ദ്ര പദ്ധതിയിൽ, എല്ലാ സംസ്ഥാനത്തും കുറഞ്ഞത് ഒരു സർക്കാർ ആശുപത്രി എങ്കിലും, സൗജന്യമായി എസ്.ആർ.എസ്. ശസ്ത്രക്രിയ, കൗൺസിലിങ് ഇവ നടത്തുമെന്ന് വാർത്ത ഉണ്ടായിരുന്നു. പക്ഷെ, ഇന്നും ഇത് യാഥാർഥ്യം ആയിട്ടില്ല. ടി.ജിക്ക് വേണ്ടിയുള്ള നാഷണൽ കൗൺസിൽ 21.08.2020 മുതൽ പ്രാബല്യത്തിൽ വന്നു. കേന്ദ്ര സാമൂഹികനീതി വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലാണ് ഇത്. കേന്ദ്ര സർക്കാരിന്റെ നയപരമായ കാര്യങ്ങളിലും പദ്ധതി നടത്തിപ്പിലും ഉപദേശിക്കുക എന്ന പ്രധാന ചുമതല ഈ നാഷണൽ കൗൺസിലിനുണ്ട്. പക്ഷെ, 15 -ാം വകുപ്പ് പറയുമ്പോലെയുള്ള പ്രശ്നങ്ങൾക്ക് ഒരു പരിഹാരമെന്ന നിലയിൽ ഒരു ദേശീയനയം ഇത് വരെ നിഷ്കർഷിച്ചിട്ടില്ല.
ആശുപത്രികളിലാവട്ടെ, എസ്.ആർ.എസുമായി ബന്ധപ്പെട്ട ഡോക്ടർമാർ Queer Affirmative കൗൺസിലിങ് പരിശീലനം എടുക്കേണ്ടതുണ്ട്. ഇതാവട്ടെ, സർജന്മാർ മാത്രമല്ല, ഇതുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഗൈനക്കോളജി, യൂറോളജി, സൈക്കോളജി, എൻഡോക്രൈനോളജി മുതലായ എല്ലാ സ്പെഷ്യലിറ്റിയിലെയും ഡോക്ടർമാരും നഴ്സുമാർ പോലും പരിശീലിക്കേണ്ടതാണ്. നേരത്തെ ഹെട്രോ സെക്ഷ്വാലിറ്റിയുടെ കണ്ണാടിയിലൂടെ, ടി.ജിയെ കണ്ടിരുന്നവർ, അതെല്ലാം മാറ്റി തികച്ചും പുതിയ ഒരു കാഴ്ച്ചപ്പാട് വളർത്തിയെടുക്കേണ്ടതുണ്ട്. 15-ാം വകുപ്പ് പറയുന്ന വേൾഡ് പ്രൊഫഷണൽ അസോസിയേഷൻ ഫോർ ട്രാൻസ്ജെൻഡർ ഹെൽത്ത് അതിനു പറ്റിയ ഒരു പരിശീലന കേന്ദ്രമാകാം.
ഉടനെ എന്തുവേണം?
ടി.ജിക്ക് വേണ്ടിയുള്ള നാഷണൽ കൗൺസിൽ സമഗ്രമായ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസിജിയർ (SOP -അഥവാ വ്യക്തമായ മാനദണ്ഡങ്ങൾ ) പ്രഖ്യാപിച്ചു നടപ്പിൽ വരുത്തുന്നത് വരെ ഓരോ സംസ്ഥാനവും അവരുടേതായ മാനദണ്ഡങ്ങൾ-എസ്.ഒ.പി. നടപ്പിലാക്കേണ്ടതുണ്ട്. ആശുപത്രികളോട് വ്യക്തിയുടെ അറിഞ്ഞുകൊണ്ടുള്ള സമ്മതപത്രം (informed consent) നിർബന്ധമായും വാങ്ങാൻ നിഷ്കർഷിക്കേണ്ടിയിരിക്കുന്നു.
എന്തൊക്കെ എന്ന് മുഴുവനായി പറയാനാവില്ലെങ്കിലും, അത് താഴെ പറയുന്ന കാര്യങ്ങളെ ഉൾകൊള്ളുന്നതാവണം.
എസ്.ആർ.എസിനുള്ള വ്യക്തിയുടെ ശാരീരിക ക്ഷമത, മാനസിക തയ്യാറെടുപ്പ് ഇവ ഉറപ്പു വരുത്തുക. വ്യക്തിക്ക് പിന്നീട് ആവശ്യമായി വന്നേക്കാവുന്ന തുടർ ചികിത്സയെക്കുറിച്ചുള്ള, വ്യക്തമായ അറിവും, ബോധവും ഉണ്ടാക്കുക. അതിന്റെ എല്ലാ റിസ്കുകളും വിശദീകരിക്കുക, മറ്റെന്തെങ്കിലും മാർഗം ഉണ്ടെങ്കിൽ അതിനെ പറ്റി വ്യക്തിക്ക് വ്യക്തമായ അറിവ് കൊടുക്കുക. ഇത് മെഡിക്കൽ റെക്കോർഡിന്റെ ഭാഗമായിരിക്കണം. ചെയ്യാതിരുന്നാൽ കുറ്റവും.
കുറച്ചു ശ്രദ്ധയോടും, ശ്രമത്തോടും നടത്തേണ്ട ഒരു പദ്ധതി തന്നെയാണെന്നതിൽ സംശയമില്ല. പക്ഷെ, അങ്ങനെ ചെയ്താൽ, നമുക്ക്, ഇനിയും അനന്യമാരുടെ ജീവൻ പോകാതെ രക്ഷിച്ചേക്കാൻ കഴിഞ്ഞേക്കും.
(സുപ്രീം കോടതിയിൽ അഭിഭാഷകനാണ് ലേഖകൻ)
content highlights:ananyah kumari alex death: transgender rights, legal protection