കരുനാഗപ്പള്ളി > ചാരായം വാറ്റ് കേന്ദ്രത്തിൽ എക്സൈസ് നടത്തിയ റെയ്ഡിൽ 150 ലിറ്റർ വാറ്റ് ചാരായവും 2700 ലീറ്റർ കോടയും വാറ്റുപകരണങ്ങളുമായി കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിലായി. അരിനെല്ലൂർ മുട്ടത്ത് വീട്ടിൽ സ്നു രാജൻ (34) ആണ് അറസ്റ്റിലായത്. കായകുളം കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടറാണ് ഇയാൾ.
അരിനെല്ലൂർ, മുട്ടം കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിലാണ് വാറ്റുകേന്ദ്രം കണ്ടെത്തിയത്. സഹോദരനായ സ്മിജോ രാജനും ചേർന്ന് വീട്ടുവളപ്പിൽ അതീവ രഹസ്യമായി പ്രത്യേകം സജജീകരിച്ച ഗോഡൗണിൽ ലോക്ഡൗൺ കാലയളവ് മുന്നിൽ കണ്ടുകൊണ്ട് വൻതോതിൽ ചാരായം നിർമ്മിച്ച് ദൂരെ സ്ഥലങ്ങളിക്ക് മൊത്ത വിതരണം നടത്തി വരുകയായിരുന്നുവെന്ന് എക്സൈസ് പറഞ്ഞു. സഹോദരനേയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
സമീപവാസികൾ അറിയാതിരിക്കാൻ കന്നാസുകളിലാക്കി അർധരാത്രി കായൽ മാർഗ്ഗം കടത്തുകയാണ് പതിവ്. മുന്നൂറ് ലിറ്റർ കൊള്ളുന്ന വലിയ ബാരലുകളിലും വീപ്പകളിലും കോടകൾ നിറച്ച് ചാരായ നിർമ്മാണ പ്രവർത്തനങ്ങൾക്കാവശ്യമായ മുഴുവൻ സംവിധാനങ്ങളുമായി പ്രത്യേക ഷെഡിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. നിർമ്മാണ യൂണിറ്റായി പ്രവർത്തിക്കുന്ന ഷെഡ് പകൽ സമയങ്ങളിൽ വിറകുപുര എന്ന വ്യാജേന പൂട്ടിയിട്ടിരിക്കുകയാണ് പതിവ്.