തിരുവനന്തപുരം> കൊടകര കള്ളപ്പണകേസിൽ പണത്തിന്റെ സ്രോതസ്സ് അന്വേഷിക്കാന് കേന്ദ്ര ഏജന്സികള്ക്ക് നിയമപ്രകാരം വ്യക്തമായ അധികാരമുണ്ടെന്നിരിക്കെ സർക്കാർ അന്വേഷണം കേന്ദ്ര ഏജൻസികളെ എൽപ്പിക്കുന്നില്ല എന്നുള്ള പ്രതിപക്ഷ ആരോപണം വസ്തുതകൾ മറച്ചുവെച്ച് ജനശ്രദ്ധ തിരിച്ചുവിടാനാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഇപ്പോള് കേസ് കേന്ദ്ര ഏജന്സിക്ക് വിടാത്തതിലാണ് യുഡിഎഫിന് ആശങ്ക.
ബിജെപി പ്രതിസ്ഥാനത്തുള്ളത് എന്ന് യുഡിഎഫ് തന്നെ പറയുന്ന കേസ് ബിജെപിയുടെ ഭരണനേതൃത്വത്തില് തന്നെയുള്ള സംവിധാനം അന്വേഷിച്ചാല് മതി എന്നാണ് അവർക്ക്. .അത്രയ്ക്ക് വിശ്വാസമാണ് അവര്ക്ക് ബിജെപിയില്. യുഡിഎഫ് ചെയ്തതുപോലെ കേന്ദ്ര ഏജന്സികളെ കൊണ്ടുവന്ന് അധികാരം ഉള്ളതും ഇല്ലാത്തതുമായ കാര്യങ്ങളെ രാഷ്ട്രീയ താത്പര്യത്തോടെ അന്വേഷിക്കുന്നതിന് വഴിമരുന്നിടുന്ന നിലപാട് സംസ്ഥാന സര്ക്കാരിനില്ല. രാഷ്ട്രീയ വിരോധത്തിന്റെ പേരില് ആരെയെങ്കിലും പ്രതിയാക്കുകയോ ആരെയെങ്കിലും വെറുതെ വിടുകയും ചെയ്യുന്ന സമീപനവും സംസ്ഥാന സര്ക്കാരിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം നിയമസഭയിൽ അവതരിപ്പിച്ച അടിയന്തരപ്രമേയത്തിനുള്ള നോട്ടീസിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി . കേന്ദ്ര ഏജന്സികളെ അറിയിക്കേണ്ട കാര്യങ്ങള് അന്വേഷണ ഉദ്യോഗസ്ഥര് കൃത്യമായി അഞിയിക്കും അക്കാര്യത്തില് ഒരു ആശങ്കയുംവേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊടകര കുഴൽപ്പണ കേസില് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനേയും 17 സംസ്ഥാന, ജില്ലാ ഭാരവാഹികള് ഉള്പ്പെടെ 250 സാക്ഷികളെയും ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്. അന്വേഷണത്തില് കേസില് പ്രതിയായ ധര്മ്മരാജന് ബിജെപി അനുഭാവിയും കെ സുരേന്ദ്രനും ബിജെപി സംസ്ഥാന കോ-ഓര്ഡിനേറ്റിംഗ് സെക്രട്ടറി എം.ഗണേഷ്, സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീശന് നായര് എന്നിവരുമായി അടുത്ത ബന്ധം പുലര്ർത്തുന്ന ആളാണെന്നും വ്യക്തമായിട്ടുണ്ട്. ധര്മ്മരാജന് ഹവാല ഏജന്റായി പ്രവര്ത്തിച്ചതും തെളിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിജെപി നേതാക്കളുടെ നിര്ദ്ദേശ പ്രകാരം പാര്ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കര്ണാടകയില് നിന്നും കൊണ്ടുവന്നതാണ് കൊള്ളയടിക്കപ്പെട്ട പണം എന്നത് കുറ്റപത്രത്തില് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗിരീശന് നായര് നിര്ദ്ദേശിച്ചതനുസരിച്ച് പാര്ട്ടിയുടെ ആലപ്പുഴ ജില്ലാ ട്രഷറര് ഗോപാലകൃഷ്ണ കര്ത്തയ്ക്ക് എത്തിച്ച് കൊടുക്കുന്നതിനുള്ള പണമാണെന്നും വെളിവായിട്ടുണ്ട്.
അന്വേഷണത്തില് കവര്ച്ച ചെയ്യപ്പെട്ട മൂന്നര കോടി രൂപ കൂടാതെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്ണാടകയില് സ്വരൂപിച്ച് വച്ചിരുന്ന 17 കോടി രൂപയെക്കുറിച്ചുള്ള വിവരങ്ങളും ലഭിച്ചു. ധര്മ്മരാജന്, ധനരാജ്, ഷൈജു, ഷിജില് എന്നിവര് നേരിട്ടും, ഹവാല ഏജന്റുമാര് മുഖേനയും 40 കോടി രൂപ മാർച്ച് 5 മുതല് ഏപ്രിൽ 5 വരെ കേരളത്തിലെ പല ജില്ലകളിലുളള ഭാരതീയ ജനതാ പാര്ട്ടിയുടെ ഭാരവാഹികള്ക്ക് കൈമാറാന് കൊണ്ടുവന്നതായി വെളിപ്പെട്ടിട്ടുണ്ട്. അതില് നാല് കോടി നാല്പ്പത് ലക്ഷം രൂപ മാർച്ച് 6ന് സേലത്ത് വച്ചും മൂന്നര കോടി രൂപ കൊടകരയില് വച്ചും കവര്ച്ചചെയ്യുകയായിരുന്നു.
അനധികൃതമായ പണമോ സ്വര്ണ്ണമോ കണ്ടെത്തിയാല് അതിന്റെ സ്രോതസ്സ് മുതല് വിനിയോഗം വരെയുള്ള എല്ലാ കാര്യങ്ങളും സമഗ്രമായി അന്വേഷിക്കേണ്ടതാണ്. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന് വലിയ തോതില് പണമൊഴുക്കുന്ന ഏര്പ്പാടിന്റെ ഭാഗമാണ് കൊടകരയില് കണ്ടെത്തിയ പണം. ഇതില് കേരള പോലീസ് അന്വേഷണം നടത്തി അതിന്റെ പരിധിയിലുള്ള കാര്യങ്ങള് കുറ്റപത്രം സമര്പ്പിക്കുകയും ചെയ്തിട്ടുണ്ട്.
കോഴിക്കോട് ചേളന്നൂര് സ്വദേശിയായ ഷംജീര് ഏപ്രിൽ 7ന് ല് കൊടകര പോലീസ് സ്റ്റേഷനില് നൽകിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. പരാതിക്കാരനായ ഷംജീറിനെയും പണം ഏല്പ്പിച്ചയച്ച കോഴിക്കോട് സ്വദേശി ധര്മ്മരാജനെയും വിശദമായി ചോദ്യം ചെയ്തു. കേസില് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം തുടരുകയാണ്. 22 പ്രതികള്ക്കെതിരെ ആദ്യകുറ്റപത്രം സമര്പ്പിച്ചിട്ടുണ്ട്. അതിൽ നാലാം പ്രതിയായ ശങ്കരന് എന്ന് വിളിക്കുന്ന ദീപക് ബിജെപി പ്രവര്ത്തകനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലൈഫ് മിഷന്റെ കാര്യത്തില് ഇല്ലാത്ത കേസുമായി സിബിഐക്ക് പരാതി സമര്പ്പിക്കാന് ഓടിയെത്തിയ എംഎല്എമാരുണ്ടായ പാര്ടിയാണ് കോണ്ഗ്രസ്സ്. എന്നാല് ബിജെപി ഉള്പ്പെടുന്ന കുഴല്പ്പണ കേസില് ഒരു പരാതിയുമായി ഏതെങ്കിലും കോണ്ഗ്രസ്സുകാരന് പോയിട്ടുണ്ടോ? നിയപരമായ കാര്യങ്ങള് കൃത്യനിഷ്ഠയോടെ അന്വേഷിച്ച് കണ്ടെത്തുകയാണ് സംസ്ഥാന പോലീസ്.കേരളത്തില് കേന്ദ്ര ഏജന്സികള് ചെയ്യുന്നതെല്ലാം ശരിയെന്ന് പറഞ്ഞ കോണ്ഗ്രസ്സ് പാര്ടിക്ക് ഇപ്പോഴും കേന്ദ്ര ഏജന്സികള് അവരുടെ കര്ത്തവ്യനിര്വ്വഹണത്തില് വീഴ്ച വരുത്തുന്നുവെന്ന് തുറന്നുപറയാന് ഭയമുണ്ടെന്ന് ജനങ്ങള് കാണുന്നുണ്ട്. ഇത് കേരളത്തിലെ കോണ്ഗ്രസ്സിന് ബിജെപിയോടുള്ള വിധേയത്വത്തിന്റെ ഭാഗമാണെന്ന് ന്യായമായും സംശയിച്ചാല് ആരെ തെറ്റ് പറയാനാവുമെന്നും മുഖ്യമന്ത്രി ചോദിച്ചു
കോൺഗ്രസും കേന്ദ്രഏജന്സിയും
സിബിഐ എന്ന അന്വേഷണ ഏജന്സിയെക്കുറിച്ചുള്ള സംസ്ഥാന കോണ്ഗ്രസിന്റെ അഭിപ്രായം അറിയാന് താത്പര്യമുണ്ട്. കോണ്ഗ്രസിന്റെ കേന്ദ്രനേതൃത്വം സിബിഐ യെ രാഷ്ട്രീയ ചട്ടുകം എന്നാണ് വിളിച്ചിട്ടുള്ളത്. സോണിയാ ഗാന്ധിയും രാഹുല് ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമൊക്കെ സിബിഐയെ രാഷ്ട്രീയമായി കേന്ദ്ര സര്ക്കാര് ദുരുപ.യോഗിക്കുന്നു എന്ന് നിരന്തരം ആക്ഷേപിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഇവിടെ ഒരു കോണ്ഗ്രസ് അംഗം കേന്ദ്രനേതൃത്വത്തിന്റെ ആക്ഷേപത്തിന് ഇരയായി നില്ക്കുന്ന ആ ഏജന്സിയെ വെള്ളപൂശാനും അതിന്റെ വിശ്വാസ്യത പകരാനും കഠിനമായി ശ്രമിക്കുന്നത്. ഇത് കോണ്ഗ്രസിന്റെ താത്പര്യത്തിലാണോ ബിജെപിയുടെ താത്പര്യത്തിലാണോ?
എന്ഫോഴ്സ്മെന്റ് ഡിപ്പാര്ട്ടുമെന്റിനെ ഡെര്ട്ടി ട്രിക്സിന്റെ ഡിപ്പാര്ട്ട്മെന്റ് എന്നാണ് കോണ്ഗ്രസ് നേതൃത്വം ഔദ്യോഗിക പ്രസ്താവനയിലൂടെ തന്നെ വ്യക്തമാക്കിയത്. കേന്ദ്ര ഏജന്സികളെക്കുറിച്ചുള്ള തങ്ങളുടെ തന്നെ നേതൃത്വത്തെ തള്ളിപ്പറയും വിധമുള്ള നിലപാട് ഇവിടെ എടുക്കുന്നതിന് പിന്നിലുള്ള താത്പര്യം എന്താണ്? പി. ചിദംബരം അടക്കമുള്ളവര്ക്കെതിരെ സിബിഐ റെയ്ഡ് അടക്കമുള്ള നടപടികളെടുത്തപ്പോള് രാഷ്ട്രീയ ചട്ടുകമായിരുന്ന സിബിഐ ഇപ്പോള് എങ്ങനെയാണ് പൊടുന്നനെ സ്വീകാര്യമായത്?
പണത്തിന്റെ ഉറവിടം കണ്ടെത്താനായില്ലെങ്കില് അത് കള്ളപ്പണം അഥവാ കുഴല്പ്പണമായി തന്നെ കരുതേണ്ടി വരും. ഇക്കാര്യങ്ങള് അന്വേഷിച്ച് നിയമത്തിനു മുന്നില് കൊണ്ടുവരേണ്ട ബാധ്യത കേന്ദ്ര ആദായനികുതി, വകുപ്പ് എന്ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് എന്നീ ഏജന്സികള്ക്കാണ്. ഇവയുടെ പ്രവര്ത്തനം പരിപൂര്ണ്ണമായും ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ യൂണിയന് ലിസ്റ്റിലാണ്. അവര്ക്ക് സ്വയം ഇക്കാര്യങ്ങള് അന്വേഷിക്കാന് ബാധ്യതയുണ്ട്. സംസ്ഥാന സര്ക്കാര് അവരെ അന്വേഷണം ഏല്പ്പിക്കുക എന്നത് ഭരണഘടനയിലോ പാര്ലമെന്റ് പാസ്സാക്കിയ നിയമത്തിലോ വിഭാവനം ചെയ്തിട്ടില്ല.
കേന്ദ്ര ഏജന്സികള് അന്വേഷിക്കേണ്ട കാര്യങ്ങള് പോലീസ് അന്വേഷണത്തില് ശ്രദ്ധയില്പ്പെട്ടപ്പോള് അവ കേന്ദ്ര ഏജന്സികളെ അറിയിക്കാന് അന്വേഷണ ഉദ്യോഗസ്ഥര് തയ്യാറാവുന്നുണ്ട്. ഇനി എന്തെല്ലാം അറിയിക്കാനുണ്ട്, അതെല്ലാം അറിയിക്കും. ഒരു ഒത്തുകളിയും ഇല്ല. ഒത്തുകളി ശീലിച്ചവര് ഒത്തുകളി, ഒത്തുകളി എന്നുപറഞ്ഞുകൊണ്ടേയിരിക്കും. രാഷ്ട്രീയമായി പല പ്രശ്നങ്ങളും തമ്മില് കാണും. അതില് വ്യക്തിപരമായ ആക്രമിക്കുന്ന തരംതാണ രീതി അവലംബിക്കരുത്. എന്തും പറയാനുള്ള അവസരമായി ഇത്തരം കാര്യങ്ങള് എടുക്കരുത്.
സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയ്ക്ക് പ്രധാനമന്ത്രിയെ കാണുന്നത് ഔപചാരിക ചടങ്ങാണ്. പോയിട്ടുണ്ട്, കണ്ടിട്ടുണ്ട്, സാധാരണ രീതിയില് ഷാള് അണിയിച്ചിട്ടുണ്ട്. എന്താണ് അതില് തെറ്റ്? അതേ സമയം അദ്ദേഹത്തിന്റെ മുഖത്തുനോക്കി ഞാന് പറഞ്ഞിട്ടുണ്ട്, നമുക്ക് രാഷ്ട്രീയമായി മത്സരിക്കുകയും തര്ക്കിക്കുകയും ചെയ്യാം. എന്നാല് നാടിന്റെ വികസനത്തിന് ഒരുമിച്ച് നില്ക്കാനാവണമെന്ന്. അദ്ദേഹം പറഞ്ഞത്, നാടിന്റെ വികസന കാര്യങ്ങളില് ഒരുമിച്ച് നില്ക്കാമെന്നുതന്നെയാണ്. തിരുവനന്തപുരത്തെ റിങ്ങ് റോഡ്, സില്വര് ലൈന്, ജലപാത, ദേശീയപാത ഇവയ്ക്കൊക്കെ കേന്ദ്രസര്ക്കാരിന്റെ സഹായം വേണം. അത്തരം കാര്യങ്ങള് കേന്ദ്രഗവണ്മെന്റിനോട് പറയാനാവണം. അതുമനസ്സിലാക്കാനുള്ള മനസ്ഥിതി നിങ്ങള്ക്കില്ല. നാടിന്റെ പുരോഗതിക്ക്, വികസനത്തിന് നവകേരള സൃഷ്ടിക്ക് ഒന്നിച്ചുനില്ക്കാനുള്ള മനോഭാവമാണ് വേണ്ടത്.