കാസർകോട് > കോൺഗ്രസ് ഭരിക്കുന്ന കാസർകോട് സഹകരണ മാർക്കറ്റിങ് ആൻഡ് പ്രോസസിങ് സൊസൈറ്റിയിൽ ഒരുകോടിയിലേറെ രൂപയുടെ വെട്ടിപ്പ്. സംഘത്തിന്റെ സ്ഥലം വിറ്റ വകയിലും അനുമതിയില്ലാതെ സിമന്റ് കച്ചവടം നടത്തിയതിലും വെട്ടിപ്പ് നടത്തിയതായാണ് സഹകരണവകുപ്പ് കണ്ടത്തിയത്.
സംഘത്തിന് വിദ്യാനഗറിൽ ദേശീയപാതയ്ക്കരികിലുള്ള ഒരേക്കർ ഭൂമിയിൽ 30 സെന്റ് 2013ൽ 2,14,66,650 രൂപയ്ക്ക് വിറ്റിരുന്നു. സാമ്പത്തികപ്രതിസന്ധി പരിഹരിക്കാനും ജീവനക്കാരുടെ ബാധ്യത തീർക്കാനുമാണ് ഹൈക്കോടതി നിർദേശപ്രകാരം ജോ. രജിസ്ട്രാർ സ്ഥലം വിൽക്കാൻ അനുമതി നൽകിയത്. 1,84,66,650 രൂപ മാത്രമാണ് സംഘത്തിന് ലഭിച്ചത്. മുഴുവൻ തുകയും ലഭിച്ചെന്ന് രേഖപ്പെടുത്തിയാണ് ആധാരംചെയ്ത് നൽകിയത്. 30 ലക്ഷം രൂപ ലഭിക്കാനുണ്ടെന്ന് സഹകരണവകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. ഭരണസമിതി ഗുരുതര വീഴ്ച വരുത്തിയെന്നും 30 ലക്ഷം രൂപയും പലിശയും ഉടൻ സെക്രട്ടറിയിൽനിന്ന് ഈടാക്കണമെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഒമ്പതുവർഷത്തെ പലിശകൂടികൂട്ടിയാൽ 50 ലക്ഷത്തിലധികം രൂപ ഈടാക്കേണ്ടിവരും.
നിലവിൽ സംഘത്തിനുകീഴിൽ വിദ്യാനഗറിൽ ബിൽഡിങ് മെറ്റീരിയൽ ആൻഡ് മാർജിൻ ഫ്രീ ഷോപ്പ്, കൊപ്ര സംഭരണകേന്ദ്രം, കാസർകോട് കൺസ്യൂമർ ഡിപ്പോ, ചട്ടഞ്ചാലിൽ വളം ഡിപ്പോ, വിദ്യാനഗറിൽ ഗാർമെന്റ്സ് യൂണിറ്റ് എന്നിവയാണുള്ളത്. ഇവയുടെ പ്രവർത്തനത്തിലും ക്രമക്കേടുണ്ടന്ന് പരാതിയുണ്ട്. ജോ. രജിസ്ട്രാറുടെ അനുമതിയില്ലാതെയാണ് വിദ്യാനഗറിലെ കെട്ടിടത്തിൽ മലബാർ സിമന്റ്സിന്റെ ഏജൻസി പ്രവർത്തിക്കുന്നത്. മൂന്ന് വർഷമായി നടക്കുന്ന സിമന്റ് വിൽപ്പനയിൽ മാസം രണ്ട് ലക്ഷത്തോളം രൂപ ലാഭം ലഭിക്കുന്നുവെന്നാണ് കണക്ക്. ഇങ്ങനെ 75 ലക്ഷത്തോളം ലാഭം ലഭിച്ചത് സംഘത്തിന്റെ വരുമാനമായി വന്നില്ലെന്നും പരാതിയുണ്ട്. കാസർകോട് നഗരത്തിലെ കൺസ്യൂമർ ഡിപ്പോ കെട്ടിടത്തിന്റെ ഒരുഭാഗത്ത് രാജീവ്ജി മെഡിക്കൽസ് എന്ന സ്ഥാപനം വാടകയ്ക്ക് പ്രവത്തിക്കുന്നുവെങ്കിലും അനുമതി വാങ്ങിയിട്ടില്ല.