ആലപ്പുഴ: മുൻ മന്ത്രി ജി. സുധാകരനെതിരായ അന്വേഷണം നടത്തുന്ന പാർട്ടി കമ്മീഷനു മുമ്പാകെ പരാതി പ്രളയം. അന്വേഷണ പരിധിയിലില്ലാത്ത വിഷയങ്ങളും കമ്മീഷനു മുന്നിൽ പരാതിയയെത്തിയെന്നാണ് വിവരം. മുൻ പേഴ്സണൽ സ്റ്റാഫ് അംഗം അടക്കം പരാതി നൽകിയവരിൽ ഉൾപ്പെടുന്നു എന്നാണ് റിപ്പോർട്ട്.
സുധാകരൻ തന്നെയും കുടുംബത്തെയും അപമാനിക്കാൻ ശ്രമിച്ചെന്നും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചെന്നുമാണ് മുൻ പേഴ്സണൽ സ്റ്റാഫ് അംഗം പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചില രേഖകളും തെളിവുകളും കമ്മീഷനു മുന്നിൽ ഇദ്ദേഹം ഹാജരാക്കുകയും ചെയ്തിട്ടുണ്ട്.
അമ്പലപ്പുഴ തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽനിന്ന് കമ്മീഷനു മുന്നിൽ ഹാജരായ ഭൂരിപക്ഷം പേരും സുധാകരന് എതിരായ നിലപാട് എടുത്തു എന്നാണ് വിവരം. സജി ചെറിയാൻ, എ.എം ആരിഫ് എന്നിവർ അടക്കമുള്ളവർ സ്ഥലം എംഎൽഎ എച്ച്. സലാം ഉന്നയിച്ച പരാതികളെ പിന്തുണച്ചു എന്നും റിപ്പോർട്ടുണ്ട്.
അമ്പലപ്പുഴ മണ്ഡലത്തിലെ പ്രചാരണത്തിലെ വീഴ്ചയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എളമരം കരീം, കെ.ജെ. തോമസ് എന്നിവരുൾപ്പെടുന്ന കമ്മീഷൻ അന്വേഷിക്കുന്നത്. ജി. സുധാകരനെതിരേ സ്ഥലം എം.എൽ.എ. എച്ച്. സലാം അടക്കമുള്ള നേതാക്കളുടെ പരാതികളാണ് അന്വേഷണത്തിലേക്ക് എത്തിയത്. ജി. സുധാകരൻ തനിക്ക് പറയാനുള്ള കാര്യങ്ങൾ എഴുതി തയ്യാറാക്കി കഴിഞ്ഞ ദിവസം കമ്മീഷനു കൈമാറിയിരുന്നു.
Content Highlights:CPM panel to probe charges raised against G Sudhakaran