പാലക്കാട്: ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് രമ്യാ ഹരിസാദ് എംപി അടക്കമുള്ള കോൺഗ്രസ് പ്രവർത്തകർ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയെന്ന് ആരോപണം.കോൺഗ്രസ് നേതാക്കളായ വി.ടി. ബൽറാം, റിയാസ് മുക്കോളി, പാളയം പ്രദീപ് തുടങ്ങിയ നേതാക്കളോടൊപ്പമാണ് എംപിചന്ദ്രാനഗറിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.
ലോക്ഡൗൺ മാനദണ്ഡം ലംഘിച്ച് ഭക്ഷണം കഴിക്കാനെത്തിയതിനെ ഒരാൾ ചോദ്യം ചെയ്യുകയും സംഭവത്തിന്റെ വീഡിയോ ചിത്രീകരിക്കുകയുമായിരുന്നു. തുടർന്ന് ഇയാളെ കോൺഗ്രസ് നേതാക്കൾ കൈയ്യേറ്റം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. സാമൂഹ്യമാധ്യമങ്ങളിൽ ഈ ദൃശ്യങ്ങൾ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. ദൃശ്യം പകർത്തിയത് ആരാണെന്ന് വ്യക്തമായിട്ടില്ല.
സമ്പൂർണ ലോക്ഡൗൺ നിലനിൽക്കുന്ന പ്രദേശത്ത് ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല എന്ന നിയമം ലംഘിച്ചാണ് ഇവർ ഭക്ഷണം കഴിക്കാൻ ഇരുന്നത് എന്നാണ് ആരോപണം. രമ്യ ഹരിദാസ് അടക്കമുള്ള എട്ട് നേതാക്കൾ സംഘത്തിൽ ഉണ്ടായിരുന്നു എന്നാണ് വിവരം.
അതേസമയം, ഭക്ഷണം കഴിക്കാൻ കയറിയതല്ലെന്നും പാഴ്സൽ വാങ്ങുന്നതിന് കാത്തിരിക്കുകയായിരുന്നെന്നുമാണ് രമ്യ ഹരിദാസിന്റെ വിശദീകരണം.
Content Highlights:Ramya Haridas and leaders violates lockdown rules