കണ്ണൂർ: അപൂർവ്വ രോഗം ബാധിച്ച കണ്ണൂരിലെ ഒന്നരവയസ്സുകാരൻമുഹമ്മദിന്റെ ചികിത്സാ ഫണ്ടിലേക്ക് ലഭിച്ചത് 46.78 കോടി രൂപ. ലോകമെമ്പാടുമുള്ള 7,77,000 പേർ കൈമാറിയ തുകയാണിത്. മുഹമ്മദിന്റെയും സഹോദരി അഫ്രയുടെയും ചികിത്സയ്ക്ക് ആവശ്യമായ തുക മാറ്റിവെച്ച് ബാക്കി തുക സർക്കാരുമായി ആലോചിച്ച് സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ബാധിച്ച മറ്റു കുട്ടികളുടെ ചികിത്സയ്ക്ക് നൽകുമെന്നും ചികിത്സാ സമിതി വ്യക്തമാക്കി.
രണ്ടു ബാങ്കുകളിലെ അക്കൗണ്ടുകളിലൂടെയും ഓഫീസിലും വീട്ടിലും നേരിട്ടും എത്തിച്ചതടക്കമാണ് 46.78 കോടി രൂപ . ഒരു രൂപമുതൽ അഞ്ച് ലക്ഷം രൂപവരെ ഓരോരുത്തരും നൽകിയിട്ടുണ്ട്. മുഹമ്മദിനുള്ള മരുന്ന് ഓഗസ്റ്റ് ആറിന് അമേരിക്കയിൽനിന്ന് നാട്ടിലെത്തുമെന്നും കുടുംബം വ്യക്തമാക്കി.
കണ്ണൂർ മാട്ടൂൽ സ്വദേശികളായ റഫീഖിന്റെയും മറിയുമ്മയുടെയും മകനാണ് മുഹമ്മദ്. രോഗം ബാധിച്ച് നടക്കാനാവാത്ത സ്ഥിതിയിലാണ് മുഹമ്മദ്. മുഹമ്മദിന്റെ സഹോദരി 15 വയസ്സുകാരി അഫ്രയ്ക്ക് നേരത്തെ ഈ അസുഖം സ്ഥിരീകരിച്ചിരുന്നു. അതിനു പിന്നാലെ കുഞ്ഞനുജൻ മുഹമ്മദിനും രോഗം സ്ഥിരീകരിച്ചതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു കുടുംബം.
അപൂർവ രോഗം ബാധിച്ച കുഞ്ഞിനെ ചികിത്സിക്കാൻ സോൾജെൻസ്മ എന്ന മരുന്നാണ് വേണ്ടത്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ഈ മരുന്ന് ഒരു ഡോസിന് 18 കോടി രൂപയാണ്. എന്നാൽ ഈ തുക സമാഹരിക്കാനാവാതെ ദുരിതത്തിലായിരുന്നു കുടുംബം. തുടർന്നാണ് മാതൃഭൂമി ന്യൂസാണ് മുഹമ്മദിന്റെ ചികിത്സയ്ക്ക് 18 കോടി രൂപ വേണമെന്ന വാർത്ത ആദ്യമായി കേരളത്തെ അറിയിച്ചത്.
സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വാർത്തയോട് കേരളം ഒറ്റക്കെട്ടായി കൈകോർത്തു. പ്രമുഖരെല്ലാം മുഹമ്മദിന്റെ വാർത്ത സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ഫെയ്സ്ബുക്കിലൂടേയും വാട്സാപ്പിലൂടേയും കുഞ്ഞുമുഹമ്മദിന്റെ ജീവൻ നിലനിർത്താൻ കേരളത്തിന്റെ സഹായം വേണമെന്ന വാർത്ത പ്രചരിച്ചതോടെ മൂന്ന് ദിവസങ്ങൾക്കുള്ളിൽത്തന്നെ 18 കോടി രൂപ ലഭിച്ചിരുന്നു.
ജനിതകവൈകല്യം മൂലം ഉണ്ടാകുന്ന രോഗമാണ് സ്പൈനൽ മസ്കുലർ അട്രോഫി. പതിനായിരം കുഞ്ഞുങ്ങളിൽ ഒരാൾ എന്ന അനുപാതത്തിലാണ് സാധാരണ രോഗബാധ. ഞരമ്പുകളിലെ തകരാറുകാരണം പേശികൾ ചലനശേഷിയില്ലാതാവുകയും പിന്നീട് അസ്ഥികളെ രോഗം ബാധിക്കുകയും ചെയ്യും.
Content Highlights:46.78 Crore raised for Treatment of One year old Muhammed, SMA patient