കയ്യാങ്കളിയെ തുടര്‍ന്ന് യോഗത്തിൽ നിന്നും സംസ്ഥാന അധ്യക്ഷൻ ഇറങ്ങിപ്പോയി. യോഗം റദ്ദാക്കിയതായി എ പി അബ്ദുൾ വഹാബ് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് പ്രവര്‍ത്തക സമിതി നടക്കുന്നതല്ല. ദയവ് ചെയ്ത് എല്ലാ പ്രവര്‍ത്തകരും പിരിഞ്ഞ് പോകണം. അതോടൊപ്പം തന്നെ അനന്തര നടപടികള്‍ ആലോചിക്കാൻ സംസ്ഥാന കൗൺസിൽ ഒരാഴ്ചക്കകം വിളിച്ചുകൂട്ടുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
പാര്‍ട്ടിയിൽ നിലനിന്നിരുന്ന തര്‍ക്കമാണ് നടറോഡിൽ വച്ചുള്ള കയ്യാങ്കളിയിലേക്ക് നീങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്. രണ്ടാം പിണറായി സര്‍ക്കാരിൽ മന്ത്രി സ്ഥാനം ലഭിച്ചതോടെ ഐഎൻഎല്ലിൽ പൊട്ടിത്തെറികള്‍ ഉണ്ടായിരുന്നു. അതിന് പിന്നാലെ, പിഎസ്സി അംഗത്വം വിൽപനയ്ക്ക് വെച്ചുവെന്ന ആരോപണം കൂടി ഉയര്‍ന്നതോടെ പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ രൂക്ഷമാകുകയായിരുന്നു.
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുകൊണ്ട് ഭരണകക്ഷികൂടിയായ ഐഎൻഎൽ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗമാണ് കൊച്ചിയിൽ നടന്നത്. പിന്നീട്, മാധ്യമങ്ങള്‍ ഇത്തരത്തിൽ ലോക്ഡൗൺ പ്രോട്ടോക്കോള്‍ ലംഘിച്ചുകൊണ്ട് യോഗം നടക്കുന്നതിന്റെ വാര്‍ത്ത വന്നതോടെ 32 പേരുണ്ടായിരുന്ന യോഗം പിന്നീട് 20 പേരായി ചുരുക്കി യോഗം നടത്തുകയായിരുന്നു.
അതിന് പിന്നാലെ സെക്രട്ടേറിയേറ്റ് യോഗത്തിൽ സംഘര്‍ഷമുണ്ടാകുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പ്രസിഡന്റ് പുറത്തേക്ക് വരികയും മാധ്യമങ്ങളെ കാണുകയും ചെയ്തു. ഇതിന് പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് നടുറോഡിൽ വച്ച് വാക്കേറ്റമുണ്ടാകുകയും ഏറ്റുമുട്ടകയും ചെയ്തത്. മാസ്ക് പോലും ധരിക്കാതെയാണ് പ്രവര്‍ത്തകര്‍ നടുറോഡിൽ എത്തിയത്. പിന്നീട്, യോഗം നടന്ന സ്വകാര്യ ഹോട്ടലിന്റെ ഉള്ളിലേക്കും കയ്യാങ്കളി മാറുകയായിരുന്നു. ഇതോടെ പോലീസ് എത്തി ചേരി തിരിഞ്ഞ് അടിയുണ്ടാക്കിയ പ്രവര്‍ത്തകരെ പിരിച്ചുവിടുകയും ചെയ്തു.
പോലീസ് വിലക്ക് അവഗണിച്ചാണ് സംസ്ഥാന നേതൃയോഗം ചേര്‍ന്നത്. മന്ത്രി അഹമ്മദ് ദേവര്‍കോോവിലും യോഗത്തിൽ പങ്കെടുത്തിരുന്നു. യോഗം നടന്ന സ്വകാര്യ ഹോട്ടലിനെതിരെ കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കിയതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.