കൊച്ചി> നിയമ ബിരുദ പ്രവേശനത്തിനായി വെള്ളിയാഴ്ച നടത്തിയ അഖിലേന്ത്യാ പരീക്ഷ (ക്ലാറ്റ്) യില് സാധാരണ (അനലോഗ്) വാച്ച് ഉപയോഗിക്കുന്നതിനും വിലക്ക് ഏര്പ്പെടുത്തിയതായി പരാതി.
ഡിജിറ്റല് അല്ലാത്ത വാച്ചുകള് (അനലോഗ് ) ഉപയോഗിക്കാം എന്ന് പരീക്ഷ നടത്തുന്ന നിയമസര്വകലാശാലകളുടെ കണ്സോര്ഷ്യം ഔദ്യോഗിക അറിയിപ്പ് തന്നെ നല്കിയിരുന്നു. എന്നിട്ടും കാക്കനാട് രാജഗിരി സ്കൂള് ഓഫ് എഞ്ചിനിയറിംഗ് പരീക്ഷ സെന്ററിലെ ഇന്വിലിജേറ്റര്മാര് വാച്ചിന് അനുമതി നിഷേധിക്കുകയായിരുന്നു എന്ന് വിദ്യാര്ഥികള് ചൂണ്ടിക്കാട്ടി. നിരവധി വിദ്യാര്ഥികള് കണ്സോര്ഷ്യത്തിനു പരാതി അയച്ചിട്ടുണ്ട്.
പരീഷാമുറികളില് ചുവര് ക്ലോക്ക് പോലും സ്ഥാപിയ്ക്കാതെയാണ് ചട്ടവിരുദ്ധമായി വാച്ച് വിലക്കിയതെന്നു പരാതിയില് പറയുന്നു. സമയ ക്രമീകരണം നടത്തി പരീക്ഷ എഴുതാന് വിദ്യാര്ഥികള്ക്ക് ഇതുമൂലം കഴിയാതെ വന്നു.പ്രശ്നത്തില് ഇടപെട്ടു തൃപ്തികരമായ പരിഹാരം ഉണ്ടാക്കണമെന്നാണ് വിദ്യാര്ഥികള് ആവശ്യപ്പെടുന്നത്.