തൃശൂർ: കൊടകരയിൽ കവർച്ച ചെയ്ത പണം തന്റേതല്ലെന്ന് ധർമ്മരാജന്റെ മൊഴി. പണം നഷ്ടപ്പെട്ട ശേഷം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ ബന്ധപ്പട്ടിരുന്നു. സംഭവത്തെക്കുറിച്ച് പറഞ്ഞപ്പോൾ വിശ്വാസം വരുന്നില്ല എന്നുപറഞ്ഞ് സുരേന്ദ്രൻ ഫോൺ കട്ട് ചെയ്തതായാണ് ധർമ്മരാജന്റെ മൊഴി. പിന്നീട് ഏപ്രിൽ മൂന്നിന് സുരേന്ദ്രനെ വിളിച്ച് കാര്യങ്ങൾ വിശദമായി അറിയിച്ചതായും ധർമ്മരാജന്റെ മൊഴിയിലുണ്ട്.
പരാതി നൽകിയാൽ കുടുങ്ങുമെന്ന് ബി.ജെ.പി ജില്ലാ നേതാക്കൾ പറഞ്ഞതിനെത്തുടർന്നാണ് പരാതി നൽകാൻ വൈകിയത്. തിരഞ്ഞെടുപ്പായതിനാൽ ഇപ്പോൾ ഒരു നടപടിയും വേണ്ട എന്നതായിരുന്നു ജില്ലാ നേതാക്കളുടെ നിലപാട്. ഈ വിവരം പുറത്ത് വന്നാൽ ഇ.ശ്രീധരനും ജേക്കബ് തോമസും പാർട്ടി വിടുമെന്നും ജില്ലാ നേതാക്കൾ പറഞ്ഞതായി ധർമ്മരാജന്റെ മൊഴിയിലുണ്ട്.
ബി.ജെ.പി. ഈ സംഭവത്തിൽ സമാന്തര പോലീസായി പ്രവർത്തിച്ചു, കവർച്ചക്കാരെ കണ്ടെത്താൻ ഒരു ബി.ജെ.പി. നേതാവ് പ്രതിയായ റഷീദിനെ തൃശൂരിലെ ഒരു ലോഡ്ജിൽ വെച്ച് ചോദ്യം ചെയ്തു എന്നു തുടങ്ങിയ ഗുരുതര അരോപണങ്ങളാണ് ധർമ്മരാജന്റെ മൊഴിയിലുള്ളത്. കൊടകരയിൽ കുഴൽപ്പണം കവർച്ച ചെയ്തതുമായി ബന്ധപ്പെട്ട കുറ്റപത്രത്തിലെ മൊഴിപ്പകർപ്പുകൾ പുറത്തേക്ക് വരുമ്പോൾ ധർമ്മരാജനും ബി.ജെ.പി നേതൃത്വവും തമ്മിലുള്ള അടുത്ത ബന്ധവും വെളിപ്പെടുകയാണ്.
കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണ സംഘം കഴിഞ്ഞ ദിവസമാണ് കോടതിയിൻ കുറ്റപത്രം സമർപ്പിച്ചത്. ഇരിങ്ങാലക്കുട കോടതിയിലാണ് 625 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കേസിൽ ഏഴാം സാക്ഷിയാണ് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ഏപ്രിൽ മൂന്നിന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
Content Highlights: BJP in defence as dharmarajan opens up in kodakara case