കാറളം: തൃശ്ശൂരിൽ വീണ്ടും ബാങ്ക് വായ്പാ തട്ടിപ്പ്. കാറളം സർവീസ് സഹകരണ ബാങ്കിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. താണിശ്ശേരി സ്വദേശിയായ രത്നാവതി എന്ന 76-കാരിയാണ് തട്ടിപ്പിന് ഇരയായത്. സംഭവത്തിൽ, കേസെടുത്ത് അന്വേഷിക്കാൻ ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. അഞ്ചുലക്ഷം രൂപയുടെ വായ്പയുടെ മറവിൽ 20 ലക്ഷം രൂപയുടെ വായ്പ മറ്റൊരാൾക്ക് നൽകിയെന്നാണ് കേസ്.
നേരത്തെ, അഞ്ചര സെന്റ് സ്ഥലം പണയം വെച്ച് രത്നാവതി ബാങ്കിൽനിന്ന് വായ്പ എടുത്തിരുന്നു. എന്നാൽ ഈ പണയം പുതുക്കുന്ന കാര്യം രത്നാവതി അറിഞ്ഞില്ല. വായ്പാത്തുക ഇരുപതുലക്ഷത്തോളമായി മാറുകയും ചെയ്തുവെന്നാണ് രത്നാവതി പരാതിയിൽ പറയുന്നത്.
ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ അതിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ബാങ്ക് ഒഴിഞ്ഞുമാറിയെന്നും രത്നാവതി പരാതിയിൽ ആരോപിച്ചിരുന്നു. ഇതിനെ തുടർന്നാണ് രത്നാവതി ഇരിങ്ങാലക്കുട മജിസ്ട്രേട്ട് കോടതിയിൽ ഹർജി സമർപ്പിക്കുന്നത്. ഹർജി പരിശോധിച്ച കോടതി, ബാങ്ക് സെക്രട്ടറിക്കും പ്രസിഡന്റിനും എതിരേ കേസെടുക്കാൻ ഉത്തരവിട്ടു. തന്റെ ബന്ധുക്കളും വിഷയത്തിൽ ഉത്തരവാദികളാണെന്ന് രത്നാവതി പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിൽക്കൂടിയാണ് കേസെടുത്ത് അന്വേഷണം ആരംഭിക്കാൻ കോടതി പോലീസിന് നിർദേശം നൽകിയിരിക്കുന്നത്.
അതേസമയം, വിഷയത്തിൽ ബാങ്ക് വിശദീകരണം പുറത്തിറക്കിയിട്ടുണ്ട്. തങ്ങളുടെ ഭാഗത്ത് വീഴ്ച വന്നിട്ടില്ലെന്നും പരാതിക്കാരിയും ബന്ധുവും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് സംഭവം വിവാദമായതെന്നും ബാങ്ക് പറയുന്നു. അങ്ങനെയെങ്കിൽ, ബാങ്ക് പ്രസിഡന്റിനും സെക്രട്ടറിക്കും എതിരേ കേസ് എടുക്കാൻ എങ്ങനെയാണ് സാഹചര്യം നിലനിൽക്കുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്.
content highlights:bank loan fraudulent in thrissur