മുളങ്കുന്നത്തുകാവ്: തൃശ്ശൂർ മെഡിക്കൽ കോളേജിൽ കിടപ്പുരോഗികളിൽ കോവിഡ് പടരുന്നു.വാർഡിൽ കഴിയുന്ന 44 രോഗികൾക്കും 37 കൂട്ടിരിപ്പുകാർക്കും രോഗം സ്ഥിരീകരിച്ചു.
ആശുപത്രിയിൽ ജോലി ചെയ്യുന്ന അമ്പതോളം നഴ്സുമാർ കോവിഡ് ബാധിച്ച് നിലവിൽ ചികിത്സയിലാണ്. കോവിഡ് പ്രോട്ടോക്കോളിന്റെ കാര്യത്തിലും ഡ്യൂട്ടി നിശ്ചിക്കുന്ന കാര്യത്തിലും ആശുപത്രിയിൽ തർക്കം നിലനിൽക്കുന്നുണ്ടെന്നാണ് സൂചന. നഴ്സുമാരുൾപ്പടെയുള്ള ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർക്ക് കോവിഡ് ഷിഫ്റ്റ് കൃത്യമായി നടപ്പിലാക്കാൻ കഴിയാത്തതാണ് രോഗം പടരാൻ കാരണമെന്നും റിപ്പോർട്ടുണ്ട്.
കഴിഞ്ഞയാഴ്ച ആശുപത്രിയിലെ 45 എം.ബി.ബി.എസ്. വിദ്യാർഥികൾക്കും പത്തോളം പി.ജി. വിദ്യാർഥികൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനുശേഷം വാർഡിലേക്കും വലിയതോതിൽ കോവിഡ് പടരുകയായിരുന്നു. ഇവർ പല വാർഡുകളിലായി ജോലി ചെയ്തിരുന്നുവെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ നൽകുന്ന വിവരം.
തുടർന്ന്, മെഡിക്കൽ കോളേജ് ഹോസ്റ്റൽ അടച്ചിടുകയും പരീക്ഷകൾ ഓൺലൈനാക്കുകയും ചെയ്തിരുന്നു. കോവിഡ് വ്യാപനം തടയുന്നത് അടിയന്തിരമായി നടപടികൾ സ്വീകരിക്കാനാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.
ഒരാഴ്ച കോവിഡ് ഡ്യൂട്ടിയെടുത്താൻ രണ്ടുദിവസത്തെ അവധിക്കുശേഷം വീണ്ടും കോവിഡ് ഡ്യൂട്ടിക്ക് കയറേണ്ട സ്ഥിതിയാണ് നഴ്സുമാർക്കുള്ളത്.ആശുപത്രിയിൽ ചികിത്സയ്ക്കെത്തുന്നവർക്കും കൂട്ടിരിപ്പുകാർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. എന്നാൽ, ആശുപത്രിയിൽ ഡ്യൂട്ടി കഴിഞ്ഞ് തിരികെയെത്തുന്ന ജീവനക്കാർക്ക് സർട്ടിഫിക്കറ്റ് നിർബന്ധമല്ലാത്തതാണ് കോവിഡ് പടരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
Content Highlights:Spreading Covid-19 at Thrissur Medical College