തൃശ്ശൂർ: തദ്ദേശ- നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി കേരളത്തിലേക്ക് ഹവാല പണം ഒഴുക്കിയതായുള്ള വിവരങ്ങൾ അന്വേഷണ സംഘം കണ്ടെത്തിയതിനു പിന്നാലെ ഇടപാടുകളുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. കർണാടകയിൽനിന്ന് കേരളത്തിലേക്ക് പണം കൊണ്ടുവരുന്നതിന് പ്രത്യേക പ്രവർത്തനരീതി ഉണ്ടായിരുന്നു എന്നാണ് അന്വേഷണ സംഘം കുറ്റപത്രത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. ടോക്കൺ ഉപയോഗിച്ചാണ് പണം കൈമാറ്റം നടന്നതെന്ന് കുറ്റപത്രത്തിൽ പറയുന്നു.
കർണാടകയിലെത്തി ടോക്കൺ കാണിച്ച് വിശ്വാസ്യത ഉറപ്പുവരുത്തിയാണ് പണം വാങ്ങിയിരുന്നത്. പത്തുരൂപ നോട്ടാണ് ടോക്കൺ ആയി ഉപയോഗിച്ചിരുന്നത്. പണം കൈമാറേണ്ടവരുടെ വിവരങ്ങൾ ധർമരാജന് നൽകിയിരുന്നത് ബിജെപിയുടെ സംസ്ഥാന ഓഫീസ് സെക്രട്ടറിയായിരുന്നെന്നും കുറ്റപത്രത്തിൽ പറയുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിൽ കൊണ്ടുവന്നതു കൂടാതെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ബിജെപി പണം കൊണ്ടുവന്നതായി കുറ്റപത്രത്തിൽ പറയുന്നുണ്ട്. 12 കോടി രൂപയാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിലെത്തിച്ചത്. മൂന്ന് തവണയായാണ് ധർമരാജൻ ചാക്കിൽ കെട്ടി പണം എത്തിച്ചത്. കൊടകര കവർച്ച നടന്ന ദിവസം 6.3 കോടി തൃശ്ശൂർ ഓഫീസിൽ എത്തിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
Content Highlights:Kodakara black money case- Rs 10 notes used as token,BJP