തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ മുൻ ബ്രാഞ്ച് മാനേജറായ ബിജു കരീമും കമ്മീഷൻ ഏജന്റ് ബിജോയിയും ചേർന്ന് നടത്തിയത് കോടികളുടെ വായ്പാ തട്ടിപ്പ്. വായ്പാ ചട്ടങ്ങൾ പൂർണമായും കാറ്റിൽപ്പറത്തി ഇരുവരും 46 ലോണുകളിൽനിന്നായി 50 കോടിയിലധികം രൂപയുടെ തിരിമറി നടത്തി. ബാങ്കിൽ ജോലി ലഭിച്ചതിനു ശേഷം ഞെട്ടിക്കുന്ന സാമ്പത്തിക വളർച്ചയായിരുന്നു ഇവർക്കുണ്ടായതെന്ന് നാട്ടുകാരും പറയുന്നു.
സഹകരണ ബാങ്കിലെ വായ്പാ ചട്ടങ്ങളെല്ലാം മറന്നാണ് കരുവന്നൂരിൽ തട്ടിപ്പ് നടന്നത്. അതിന് നേതൃത്വം വഹിച്ചത് മുൻ ബ്രാഞ്ച് മാനേജറായ ബിജു കരീമാണ്. ബാങ്കിലെ കമ്മീഷൻ ഏജന്റായ ബിജോയിയും അതിന് കൂട്ടുനിന്നു.
ബിജോയ് മാത്രം 28 വായ്പകളിൽനിന്നായി 26 കോടി രൂപ ബാങ്കിൽനിന്ന് എടുത്തു. ബിജു കരീം 18 വായ്പകളിൽനിന്ന് 20 കോടിയിൽ അധികവും ബാങ്കിൽനിന്ന് തിരിമറി നടത്തി. സ്വന്തം പേരിലെടുത്തതിനൊപ്പം ബന്ധുക്കളുടെ പേരിലും ലോണുകൾ എടുത്തു. സഹകരണ ജോയിന്റ് രജിസ്ട്രാറുടെ റിപ്പോർട്ടിലും ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
വളരെ മോശം സാമ്പത്തിക സ്ഥിതിയിലുണ്ടായിരുന്ന ബിജു കരീം ബാങ്കിൽ ജോലി ലഭിച്ച ശേഷം വലിയ സാമ്പത്തിക വളർച്ചയാണ് ഉണ്ടാക്കിയതെന്ന് നാട്ടുകാരും പറയുന്നു. പുതിയ സ്ഥലം വാങ്ങുകയും വലിയ വീട് നിർമിക്കുകയും ചെയ്തു. വിലകൂടിയ നിരവധി വാഹനങ്ങളും വാങ്ങി. ആഢംബരപൂർണമായ ജീവിതമാണ് നയിച്ചുവന്നിരുന്നതെന്നും അവർ പറയുന്നു.
തേക്കടിയിലെ റിസോർട്ട് നിർമാണം നിലച്ചിട്ട് രണ്ടുവർഷം
കുമളി: തൃശ്ശൂർ കരുവന്നൂർ ബാങ്ക് വായ്പ നിക്ഷേപ തട്ടിപ്പിലൂടെ കണ്ടെത്തിയ പണം ഉപയോഗിച്ച് തേക്കടിയിൽ ആരംഭിച്ച റിസോർട്ടിന്റെ നിർമാണം നിലച്ചിട്ട് രണ്ട് വർഷം. ആദ്യഘട്ട നിർമാണത്തിന് കരാറെടുത്തവർക്ക് ഇനിയും കിട്ടാനുള്ളത് 18 ലക്ഷം രൂപ. മൂന്നരക്കോടി രൂപയാണ് ആദ്യഘട്ട നിർമാണത്തിന് ഇവർ വകയിരുത്തിയതെന്ന് കരാറുകാരൻ പറയുന്നു.
2014-ൽ തേക്കടി റിസോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ഇരിങ്ങാലക്കുട ആനന്ദത്തുപറമ്പിൽ എ.കെ.ബിജോയിയാണ് കെട്ടിട നിർമാണത്തിന് കുമളി പഞ്ചായത്തിൽ അപേക്ഷ നൽകിയത്. കമ്പനിയുടെ മാനേജിങ് ഡയറക്ടർ എന്ന പേരിലാണ് ബിജോയി ഉദ്യോഗസ്ഥരെ പരിചയപ്പെട്ടത്. പഞ്ചായത്തിലെ പത്തുമുറി വാർഡിൽ റിസോർട്ടിനുള്ള സ്ഥലവും ഇവർ ഇതിനോടകം അന്ന് കണ്ടെത്തിയിരുന്നു.
2012-ൽ മൂന്നുപേരിൽനിന്നുമായി വാങ്ങിയ എട്ടരയേക്കർ സ്ഥലത്തിൽ ബിജോയി തന്റെ പേരിലാക്കിയ രണ്ടര ഏക്കർ സ്ഥലത്തിനാണ് ആദ്യം അനുമതി വാങ്ങിയത്. നിർമാണം പുരോഗമിക്കവെ 2017-ൽ പഞ്ചായത്തിൽനിന്ന് കൂടുതൽ നിർമാണങ്ങൾക്കുള്ള അനുമതി വാങ്ങിയെങ്കിലും പിന്നീട് നിർമാണം നടത്താൻ കഴിയാതെ മുടങ്ങുകയായിരുന്നു.
ontent Highlights:Karuvannur Co-operative bank scam