തിരുവനന്തപുരം
കടലാക്രമണം തടയാൻ 344 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നൽകിയതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. സംസ്ഥാനത്തെ കടലാക്രമണ ഭീഷണിയുള്ള 206ൽ 108 കിലോ മീറ്ററിൽ സംരക്ഷണം ഉറപ്പാക്കി. ബാക്കി പ്രദേശത്തിനാണ് പദ്ധതി നടപ്പാക്കുന്നത്.ആദ്യഘട്ടത്തിൽ 1500 കോടിയടക്കം അഞ്ചുവർഷംകൊണ്ട് 5300 കോടിരൂപയുടെ പദ്ധതി പൂർത്തീകരിക്കും. കടലാക്രമണം രൂക്ഷമായ ചെല്ലാനത്ത് കിഫ്ബി സഹായത്തോടെ ടെട്രോപോഡ് ഉപയോഗിച്ചുള്ള 344.2 കോടി രൂപയുടെ പദ്ധതികളുടെ നടപടി അന്ത്യഘട്ടത്തിലാണ്.
പരിസ്ഥിതിക്ക് അനുയോജ്യമായ വിധത്തിൽ കടൽഭിത്തികളുടെയും പുലിമുട്ടുകളുടെയും പുതുക്കിയ ഡിസൈനുവേണ്ടി വിശദപഠനം നടത്തും. രൂക്ഷമായ കടലാക്രമണമുള്ള കൊല്ലങ്കോട്, ശംഖുംമുഖം, ആലപ്പാട്, കൊടുങ്ങല്ലൂർ, പൊന്നാനി, കാപ്പാട്, തലശേരി, വലിയപറമ്പ് പ്രദേശങ്ങളിൽ അനുയോജ്യമായ പദ്ധതികൾ നടപ്പാക്കും. അടിയന്തര കടലാക്രമണ പ്രതിരോധത്തിന് 12.69 കോടി രൂപ അനുവദിച്ചിട്ടുണ്ട്.പൂന്തുറമുതൽ ശംഖുംമുഖംവരെ 720 മീറ്റർ ദൂരത്തിൽ ജിയോ ട്യൂബ് പദ്ധതി നടപ്പാക്കും. ശംഖുംമുഖം റോഡിൽ 400 മീറ്റർ ദൂരത്തിൽ ഡയഫ്രം വാൾ നിർമാണം നടക്കുകയാണ്. ശംഖുംമുഖത്ത് 700 മീറ്റർ ദൂരത്തിൽ തീരസംരക്ഷണ പദ്ധതി നടപ്പാക്കും. ടൂറിസം മേഖലയായതിനാൽ വിശദപഠനം നടത്തിയാകും ഇത് നടപ്പാക്കുക. കെ കെ ശൈലജ, വി കെ പ്രശാന്ത്, കെ എൻ ഉണ്ണികൃഷ്ണൻ, കെ ആൻസലൻ എന്നിവരുടെ ചോദ്യങ്ങളിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ജിയോ ട്യൂബ് ശാശ്വതമല്ല
ജിയോ ട്യൂബ് സംവിധാനം കടലാക്രമണം തടയാനുള്ള ശാശ്വത സംവിധാനമല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. കടലാക്രമണം ഏറ്റവും രൂക്ഷമായ വാച്ചാക്കൽ, കമ്പനിപ്പടി ബസാർ, വേളാങ്കണ്ണി, ചെറിയ കടവ് പ്രദേശങ്ങളിൽ ജിയോ ട്യൂബ് ഉപയോഗിച്ചുള്ള എട്ടു കോടിയുടെ അഞ്ച് പ്രവൃത്തിയാണ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നത്. ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഈ പ്രവൃത്തി പ്രയോജനകരമായിട്ടുണ്ട്. ഇതിന്റെ സമീപത്തുള്ള വീടുകൾക്ക് കാര്യമായ ക്ഷതം സംഭവിച്ചില്ല. കടൽക്ഷോഭം രൂക്ഷമാകുമ്പോൾ ജിയോ ട്യൂബുകൾ സ്ഥാനഭ്രംശം വന്ന് കടലിലേക്ക് താഴ്ന്നു പോകുന്നതായും മന്ത്രി പറഞ്ഞു.