ടോക്യോ
നവോമി ഒസാക്ക തെളിച്ച ദീപത്തിൽ ലോകം ചിരിച്ചു. ആശങ്കയുടെ ഇരുളകറ്റി വെളിച്ചം പരന്നു. 32–-ാം ഒളിമ്പിക്സിന് ടോക്യോയിൽ ആവേശ തുടക്കം. കാണികളുടെ അഭാവത്തിലും ഉദ്ഘാടന പ്രൗഢി മങ്ങിയില്ല. ജപ്പാന്റെ സാങ്കേതിക മികവും സാംസ്കാരിക തനിമയും വിളിച്ചോതുന്നതായിരുന്നു ചടങ്ങ്. ജപ്പാൻ ചക്രവർത്തി നാറുഹിറ്റോ ഉദ്ഘാടനം ചെയ്തു. കോവിഡ് മഹാമാരിയിൽ പൊലിഞ്ഞവർക്കും മറഞ്ഞുപോയ ഒളിമ്പ്യൻമാർക്കും ആദരമർപ്പിച്ചു. ഇന്ത്യൻ സമയം വൈകിട്ട് നാലരയ്ക്ക് തുടങ്ങിയ ചടങ്ങ് നാല് മണിക്കൂർ നീണ്ടു.
2013ൽ ടോക്യോക്ക് ഒളിമ്പിക് വേദി സമ്മാനിച്ചതിൽനിന്നായിരുന്നു ചടങ്ങിന്റെ തുടക്കം. തുടർന്ന് കായിക താരങ്ങൾ കോവിഡിനെ അതിജീവിച്ച്, ഒറ്റയായി പരിശീലനം നടത്തി മേളയിലേക്കെത്തുന്നത് ആവിഷ്കരിക്കപ്പെട്ടു.
നാഷണൽ സ്റ്റേഡിയത്തിൽ ഒരുമയുടെ ഗീതം പാടി. വർണങ്ങൾ വിരിഞ്ഞു. ഒളിമ്പിക് പതാകയും വളയങ്ങളും പ്രത്യക്ഷപ്പെട്ടു. മാർച്ച് പാസ്റ്റിൽ ഗ്രീസായിരുന്നു ആദ്യം. പിന്നാലെ അഭയാർഥി ടീം. 21–-ാമതായിരുന്നു ഇന്ത്യ. മേരി കോമും മൻപ്രീത് സിങ്ങും പതാകയേന്തി. ഒടുവിൽ ദീപശിഖ കൊളുത്തി. നാലുതവണ ഗ്രാൻഡ് സ്ലാം ടെന്നീസ് ചാമ്പ്യനായ ഒസാക്കയിലൂടെ ഉദയസൂര്യന്റെ നാട്ടിൽ കളം ഉണർന്നു.