തൃശൂർ> കൊടകരയിൽകവർച്ച ചെയ്ത പണത്തിനു പുറമെ തൃശൂരിൽ 6.3 കോടിരൂപ കുഴൽപ്പണം കൈമാറിയതായി കുറ്റപത്രം. തൃശൂർ ജില്ലയിലെ ബിജെപി നേതാക്കൾക്കാണ് പണം കൈമാറിയത്. മറ്റു പല ജില്ലകളിലും ധർമരാജൻ വഴി കുഴൽപ്പണം എത്തിച്ചതായും കുറ്റപത്രത്തിലുണ്ട്. ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയിൽ പ്രത്യേക അന്വേഷകസംഘം സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.
തൃശൂരിൽ 6.3 കോടി കുഴൽപ്പണം കൈമാറിയെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയതോടെ ജില്ലാ നേതാക്കൾ കുരുക്കിലായി. കേസിന്റെ തുടക്കംമുതൽ ജില്ലാ നേതാക്കളുടെ പങ്ക് അന്വേഷകസംഘം വ്യക്തമാക്കിയിരുന്നു. കുഴൽപ്പണ സംഘത്തിന് തൃശൂരിൽ താമസ സൗകര്യമൊരുക്കിയത് ബിജെപി ജില്ലാനേതാക്കളാണ്. കവർച്ചനടന്നയുടൻ ധർമരാജനേയും പ്രതി റഷീദിനേയും കൂട്ടി മധ്യമേഖലാ സെക്രട്ടറി കാശിനാഥൻ, ജില്ലാ ട്രഷറർ സുജയ്സേനൻ എന്നിവർ ബിജെപി ജില്ലാകമ്മിറ്റി ഓഫീസിലെത്തി.
കൊടകര പൊലീസിൽ വിവരം അറിയിക്കാതെ മറച്ചുവച്ചു. പിന്നീട് നാലുദിവസം കഴിഞ്ഞാണ് പരാതി നൽകിയത്. തൃശൂർ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്കുമാർ പ്രതിയെ ജില്ലാകമ്മിറ്റി ഓഫീസിൽ വിളിച്ചുവരുത്തിയിരുന്നു. ഇക്കാര്യങ്ങളെല്ലാം പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.