കൊച്ചി > ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിൻറെ പങ്കാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ജഗതി തൈക്കാട് ആറ്റുവരമ്പത്ത് ജിജു രാജ് (36) ആണ് സുഹൃത്തിൻറെ വൈറ്റില ജവഹർ റോഡിലെ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച പകൽ മൂന്നോടെയായിരുന്നു സംഭവം.
അനന്യ ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് ജിജുവിൻറെ മരണം. അനന്യ മരിക്കുമ്പോൾ ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ജിജുവും ഉണ്ടായിരുന്നു. ഇയാൾ ഭക്ഷണം വാങ്ങാൻ പുറത്തുപോയപ്പോഴായിരുന്നു അനന്യയുടെ ആത്മഹത്യ. അനന്യയുടെ മരണത്തിനുശേഷം ഇയാൾ കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. മാനസിക സംഘർത്തെ തുടർന്ന് ആത്മഹത്യ ചെയ്താവാമെന്നാണ് പൊലീസ് കരുതുന്നത്.
അനന്യയുടെ സംസ്കാര ചടങ്ങിനുശേഷമാണ് ഇയാൾ സുഹൃത്തിൻറെ വീട്ടിലെത്തിയത്. സംഭവം നടക്കുമ്പോൾ സുഹൃത്ത് തിരുവനന്തപുരത്തായിരുന്നു. ജിജുവിനെ വിശദമായ മൊഴിയെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു പൊലീസ്. സ്റ്റൈലിസ്റ്റാണ് ജിജു. ചൊവ്വാഴ്ചയാണ് ഇടപ്പള്ളിയിലെ ഫ്ളാറ്റിൽഅനന്യ കുമാരി അലക്സിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം ഗുരുതര ശാരീരിക പ്രശ്നം നേരിടുന്നതായി അനന്യ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയയിലുണ്ടായ വീഴ്ച മൂലം ഏറെ നേരം എഴുന്നേറ്റ് നിന്ന് ജോലി ചെയ്യുന്നതിന് പോലും സാധിക്കുന്നില്ലെന്ന് അനന്യ പറഞ്ഞിരുന്നു. അനന്യയുടെ പോസ്റ്റ്മാർട്ടം റിപ്പോർട്ട് ശനിയാഴ്ച ലഭിക്കും. ഇതിനുശേഷം തുടർഅന്വേഷണങ്ങൾ നടക്കും.