തിരുവനന്തപുരം
സ്പൈനൽ മസ്കുലാർ അട്രോഫി (എസ്എംഎ) ഉൾപ്പെടെ ചെലവേറിയ ചികിത്സകളുടെ ധനസഹായത്തിന് പൊതു മാർഗരേഖ തയ്യാറാക്കുമെന്ന് മന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു. ഇറക്കുമതി ചെയ്യുന്ന വിലകൂടിയ മരുന്നുകൾക്ക് നികുതി ഇളവ് നൽകുന്ന കാര്യം മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. അപൂർവ രോഗം ബാധിച്ച 42 പേർ സഹായത്തിനായി സർക്കാരിനെ സമീപിച്ചിട്ടുണ്ട്. 250 മുതൽ 400 കോടി രൂപ ചെലവ് ഇതിന് പ്രതീക്ഷിക്കുന്നു. ഇവർക്ക് സാമൂഹ്യ സുരക്ഷാ മിഷന്റെ ‘വി കെയർ’ പദ്ധതിവഴി ലഭിക്കുന്ന തുക ചികിത്സാ സഹായമായി നൽകുന്നുണ്ട്. ഓൺലൈൻ പേയ്മെന്റ് ഗേറ്റ് വേ വഴിയും നേരിട്ടുമാണ് സംഭാവന സ്വീകരിക്കുന്നത്.
അപൂർവ രോഗങ്ങളുടെ ചികിത്സയ്ക്കായി പ്രതിവർഷം 50 ലക്ഷം രൂപ നിക്ഷേപിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതും കേന്ദ്രം നൽകിയ 1.50 കോടിയും മറ്റു സഹായങ്ങളുമുൾപ്പെടെ തുക ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ പേരിലുള്ള പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിച്ചു. സിഎസ്ആർ ഫണ്ട് സമാഹരിച്ച് 50 ലക്ഷം രൂപ നിക്ഷേപിക്കുന്നതിനുള്ള നടപടിയുമായിട്ടുണ്ട്. മരുന്നിന്റെ ലഭ്യതയെക്കുറിച്ചും ചികിത്സയെക്കുറിച്ചും പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും എൻ ഷംസുദ്ദീന്റെ ഉപക്ഷേപത്തിന് മന്ത്രി മറുപടി നൽകി.