പോസ്റ്റിന്റെ രത്നച്ചുരുക്കം ഏകദേശം ഇങ്ങനെ – ഞാൻ സ്വന്തമായി സമ്പാദിച്ച പണം ഉപയോഗിച്ചാണ് ഈ കാർ വാങ്ങിയത്. അത്യാവശ്യം സ്വാധീനമുള്ള കുടുംബത്തിൽപെട്ടയാളാണെങ്കിലും ഞാൻ ഒരിക്കലും എന്റെ മാതാപിതാക്കളിൽ നിന്ന് ഒരു തരത്തിലുള്ള സഹായവും സ്വീകരിച്ചിട്ടില്ല. മുംബൈയിൽ യാത്രയ്ക്കായി ഓട്ടോറിക്ഷയും ടാക്‌സിയും പിടിക്കാൻ ഞാൻ വളരെയധികം കഷ്ടപ്പെട്ടു. ബിസിനസ് സ്വന്തമായി ആരംഭിക്കുകയും സ്വന്തമായി സമ്പാദിച്ച പണം ഉപയോഗിച്ച് ഈ കാർ വാങ്ങുകയും ചെയ്തതിൽ ഞാൻ അഭിമാനിക്കുന്നു.
അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് ബെൻസ് വാങ്ങിയ സംരഭകയെ പലരും പ്രകീർത്തിക്കുന്നുണ്ടെങ്കിലും എന്തുകൊണ്ടാണ് താൻ ബെൻസ് വാങ്ങിയത് എന്ന് വിവരിക്കുന്ന ഭാഗമാണ് പലർക്കും ദഹിക്കാത്തത്. മെട്രോ ട്രെയിനുകളിലും, ട്രാൻസ്‌പോർട്ട് ബസ്സുകളിലും മനുഷ്യർ തിങ്ങി നിറഞ്ഞു യാത്ര ചെയ്യുന്ന മുംബൈ പോലുള്ള ഒരു നഗരത്തിൽ ‘ഓട്ടോറിക്ഷയും ടാക്‌സിയും പിടിക്കുന്നതിനെ’ ഒരു കഷ്ടപ്പാടായി ചിത്രീകരിക്കുന്നത് ഒരു ഒന്നൊന്നര തള്ളായിപ്പോയി എന്നാണ് പലരും കുറിച്ചിരിക്കുന്നത്.
‘ഓട്ടോറിക്ഷയും ടാക്‌സിയും കിട്ടാൻ ഞാൻ ബുദ്ധിമുട്ടി എന്നോ? ദയവു ചെയ്ത് ഇങ്ങനെ ഒന്നും പറയല്ലേ മാഡം’ എന്നാണ് രുജൂത എന്ന് പേരുള്ള ട്വിറ്റെർ ഉപഭോക്താവ് കമന്റ് ചെയ്തിരിക്കുന്നത്. “ഇത് ഒരുമാതിരി സാധാരണക്കാരെ മൊത്തത്തിൽ പിച്ചക്കാരായി ചിത്രീകരിക്കുന്നത് പോലെയുണ്ടല്ലോ എന്നാണ് നാഹോ പായൽ എന്ന് പേരുള്ള വ്യക്തിയുടെ പ്രതികരണം. നിരവധി പേർ അതെ സമയം നേട്ടത്തെ അഭിനന്ദിക്കുമുണ്ട്.