കോഴിക്കോട്: ഒരു ദിവസം എട്ടുമുതൽ പന്ത്രണ്ടോളം പാഡുകൾ മാറ്റണം, നാലും അഞ്ചും തവണ ടോയ്ലറ്റിൽ പോകണം, വയറാകെ കീറിമുറിച്ച പാടുകളാണ്, വജൈന വെട്ടിക്കീറിയതുപോലെയുണ്ട്.,ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുശേഷം ഉണ്ടായദുരിതങ്ങളെക്കുറിച്ച് അനന്യ കുമാരി അലക്സ് പങ്കുവെച്ച വാക്കുകളാണിത്. മരിക്കുന്നതിന് മുമ്പ് മാതൃഭൂമി ഡോട്ട് കോമിന് അനന്യ നൽകിയ അഭിമുഖത്തിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായും ഇതുസംബന്ധിച്ച്ആരോഗ്യമന്ത്രി വീണാ ജോർജിന് പരാതി നൽകിയതായും വെളിപ്പെടുത്തിയിരുന്നു. ആരോഗ്യമന്ത്രിയിൽ നിന്ന് ഉദാസീനമായ സമീപനമാണ് ഉണ്ടായതെന്നും അവർ ആരോപിച്ചു.
2020 ജൂണിലാണ് സ്വകാര്യ ആശുപത്രിയിൽ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്.ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി ഒരുവർഷം പിന്നിട്ടിട്ടും അതിഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് അനന്യ അഭിമുഖീകരിച്ചിരുന്നത്. ഇതുമൂലം ജോലി ചെയ്യാനാകുന്നില്ലെന്നും സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അനന്യ തുറന്നുപറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമാണ് ഇടപ്പിളളിയിലെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ അനന്യയെ കണ്ടെത്തിയത്.
മരണത്തിന് മുമ്പ് അനന്യ മാതൃഭൂമി ഡോട്ട് കോമിനു നൽകിയ അഭിമുഖത്തിലെ ഒരു ഭാഗം
റിനൈമെഡിസിറ്റിയിലെ പ്ലാസ്റ്റിക് സർജൻ അർജുൻ അശോകനാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്്. അദ്ദേഹത്തിന്റെ ഭാര്യ ഡോ:സുജ സുകുമാർ അവിടുത്തെ എൻഡോക്രൈനോളജിസ്റ്റാണ്. അവരാണ് ഹോർമോൺ ട്രീറ്റ്മെന്റ് ചെയ്തത്. 2020 ജൂൺ പതിനാലിനായിരുന്നു ശസ്ത്രക്രിയ. അതേസമയം തന്നെയാണ് കോട്ടയം സ്വദേശിയായ നൃത്താധ്യാപിക ഭദ്ര മലിന്റെയും ശസ്ത്രക്രിയ. രണ്ടുപേരുടെ ശസ്ത്രക്രിയ ഒരേസമയം ഒരേ തീയേറ്ററിലായിരുന്നു.
കോളൺ വജൈനാ പ്ലാസ്റ്റി അഥവാ കുടലിൽ നിന്നെടുത്ത് വജൈന ക്രിയേറ്റ് ചെയ്യുന്ന രീതിയായിരുന്നു എന്റേത്. സർജറി കഴിഞ്ഞ് ആറാംദിവസം തന്നെ ഡിസ്ചാർജ് ആയി. അപ്പോൾ തന്നെ പറഞ്ഞതിനേക്കാളധികം തുകയായിരുന്നു. ഏതാണ്ട് രണ്ടുലക്ഷത്തി അമ്പത്തിയഞ്ചു രൂപയോളം കൊടുത്തു. സർജറി കഴിഞ്ഞയുടൻ തന്നെ ഛർദിയും മറ്റ് ആരോഗ്യപ്രശ്നങ്ങളുമുണ്ടായി. വീട്ടിലെത്തി നാലുമണിക്കൂറിനുള്ളിൽ പ്രശ്നങ്ങൾ ഗുരുതരമായി വീണുപോയി. അതേദിവസം തന്നെ വീണ്ടും അഡ്മിറ്റ് ചെയ്തു.
Read More:ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യാ കുമാരി അലക്സ് മരിച്ചനിലയിൽ
പിന്നെ ജൂലായ് രണ്ടിനാണ് ഡിസ്ചാർജ് ആവുന്നത്. അത്രയും ദിവസം ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിയാതെ മൂക്കിനകത്ത് ട്യൂബിട്ട അവസ്ഥയിലായിരുന്നു. സ്കാൻ ചെയ്തപ്പോൾ സർജറിയുടെ പ്രശ്നം കാരണം കുടലിനകത്ത് ആറുസ്ഥലത്ത് ഗ്യാസ് ട്രബിൾ ഉണ്ടായതാണ് കാരണം. വീണ്ടും എന്റെ അനുവാദമൊന്നും ചോദിക്കാതെ വയറൊക്കെ കുത്തിക്കീറി കുടലിൽ സർജറി ചെയ്തു. ജൂലായ് മൂന്നിന് ആശുപത്രിയിൽ നിന്ന് തിരികെയെത്തി.
പക്ഷേ എന്റെ വജൈന ഭീകരമായിരുന്നു, വെട്ടിക്കണ്ടിച്ച പോലെയാണ്. സാധാരണ വജൈന പോലെ വൃത്തിയും വെടിപ്പുമുള്ളത് സർജറി ചെയ്തെടുക്കാനൊക്കെ കഴിയും. ഈ ഡോക്ടർ ഇതിൽ വിദഗ്ധനാണെന്നും മറ്റും അറിഞ്ഞാണ് അവിടെ തന്നെ പോയത്.
എപ്പോഴും ഫ്ളൂയിഡ് വരുന്നതിനാൽ ഒരുദിവസം പോലും എട്ടുമുതൽ പന്ത്രണ്ടോളം പാഡ് മാറ്റണം. മൂത്രം പിടിച്ചു വെക്കാൻ കഴിയില്ല. മൂത്രം പോകുന്നതും പലവഴിക്കാണ്. പരാതിയുമായി ഡോക്ടറെ സമീപിച്ചപ്പോൾ ഹോസ്പിറ്റലിൽ നിന്നും പിആറിൽ നിന്നും ശരിയായ മറുപടി ലഭിച്ചില്ല. പിന്നീടൊരിക്കൽ ആശുപത്രിയിൽ പോയപ്പോൾ ബില്ലിൽ ക്രമക്കേട് ഉണ്ടാവുകയും അന്ന് പോലീസിൽ പരാതിപ്പെടുകയും ചെയ്തിരുന്നു. പുരുഷന്മാരുടെ സ്തനംനീക്കൽ ശസ്ത്രക്രിയക്ക് ശേഷവും വളരെ മോശം രീതിയിൽ നെഞ്ചിൽ സർജറിയുടെ പാടുകളുമായി ജീവിക്കേണ്ടി വരുന്നവരുണ്ട്. നൂറിൽ തൊണ്ണൂറ്റിയെട്ട് ശതമാനം പേരുടേയും ഇങ്ങനെയാണ്. പക്ഷേ ഭയമാണ് തുറന്നുപറയാൻ.
പച്ചമാംസം വെട്ടിക്കീറിയതുപോലെയാണ് എന്റെ വജൈന. അയാൾക്കെതിരേ ശക്തമായ നടപടിയുണ്ടാകണം. ഇക്കാര്യം പറഞ്ഞപ്പോൾ പഠിച്ചിട്ട് ഒരിക്കൽക്കൂടി സർജറി ചെയ്യാമെന്നാണ് പറഞ്ഞത്. എന്ത് ധൈര്യത്തിലാണ് വീണ്ടും സർജറിക്ക് അവിടെ കിടക്കുക. എന്റെ വയറിന് മുഴുവൻ പാടുകളാണ്. കുടലിന്റെ പ്രശ്നം കാരണം ദിവസം നാലും അഞ്ചും തവണ ടോയ്ലറ്റിൽ പോകണം.
മറ്റു സംസ്ഥാനങ്ങളിലെ ട്രാൻസുകൾ മാതൃകയാക്കുന്ന കേരളത്തിൽ ഇത്തരമൊരു കാര്യം നടക്കുന്നത് ലോകം അറിയണം. ആരോഗ്യമന്ത്രിയോട് സംസാരിച്ചപ്പോൾ നോക്കാം, ഡോക്ടർമാരോട് സംസാരിക്കാം എന്നുപറഞ്ഞ് കൈയൊഴിഞ്ഞു. കെ.കെ ശൈലജ ടീച്ചറായിരുന്നു ആരോഗ്യമന്ത്രിയെങ്കിൽ അടിയന്തിരമായി നടപടിയെടുത്തേനെ.
ചികിത്സാ പിഴവില്ലെന്ന് റിനൈ മെഡിസിറ്റി ആശുപത്രി അധികൃതർ
അനന്യയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ചികിത്സാപിഴവ് സംഭവിച്ചിട്ടില്ലെന്ന് റിനൈ മെഡിസിറ്റി അധികൃതർ അറിയിച്ചു. മനഃശാസ്ത്ര കൗൺസിലിംങ് ഉൾപ്പെടെ എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ചതിന് ശേഷമാണ് അനന്യ ശസ്ത്രിക്രിയക്ക് വിധേയയായതെന്നും ആശുപത്രി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ആശുപത്രിയുടെ തീരുമാനത്തിൽ തൃപ്തിയില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ട് പോകുവാൻ അവരുടെ ചികിത്സാ രേഖകൾ നൽകുന്നതുൾപ്പെടെ ആശുപത്രിയുടെ നയമനുസരിച്ചുള്ള എല്ലാ സഹായവും ചെയ്യാമെന്നും തങ്ങൾ വാഗ്ദാനം ചെയ്തിരുന്നതാണെന്നും ആശുപത്രിയുടെ പത്രക്കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്.
ആശുപത്രി പുറത്തിറക്കിയ പത്രക്കുറിപ്പ്
അനന്യയുടെ സുഹൃത്ത് ഹാദിയയുടെ വ്ളോഗ്
ലിംഗമാറ്റ ശസ്ത്രക്രിയ: അനന്യ അനുഭവിച്ചത് കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ