കവളങ്ങാട് > പോത്താനിക്കാട് പോക്സോ കേസ് പ്രതികളെ സംരക്ഷിക്കുന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ നിലപാടിൽ പ്രതിഷേധിച്ച് സിപിഐ എം കവളങ്ങാട് ഏരിയ കമ്മിറ്റിയിലെ വിവിധ വർഗ ബഹുജന സംഘടനകളുടെ നേതൃത്വത്തിൽ നടന്നുവരുന്ന റിലേസമരം മൂന്നുദിവസം പിന്നിട്ടു.
കെഎസ്കെടിയുവിന്റെ നേതൃത്വത്തിലായിരുന്നു മൂന്നാംദിവസത്തെ സമരം. പോത്താനിക്കാട് ടൗണിൽ പകൽ 10 മുതൽ 11 വരെ നടന്ന റിലേസമരം കെഎസ്കെടിയു ഏരിയ സെക്രട്ടറി കെ പി ജയിംസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പോത്താനിക്കാട് വില്ലേജ് സെക്രട്ടറി കെ എം അലിയാർ അധ്യക്ഷനായി.
വില്ലേജ് പ്രസിഡന്റ് എൽദോസ് പുത്തൻപുര, സംസ്ഥാന കമ്മിറ്റി അംഗം സോമ പുരുഷോത്തമൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ ടി മാത്യൂസ്, സി സി ഹരിഹരൻ, പി കെ ശിവൻ, പി പി ചന്ദ്രൻപിള്ള എന്നിവർ സംസാരിച്ചു. നാലാംദിവസമായ വ്യാഴാഴ്ച ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. സമരത്തിന് പിന്തുണയുമായി ലോക്താന്ത്രിക് ജനതാദൾ നേതാക്കൾ സമരവേദിയിലെത്തി. എൽജെഡി സംസ്ഥാനസമിതി അംഗം മനോജ് ഗോപിയാണ് സമരവേദിയിലെത്തി പിന്തുണ പ്രഖ്യാപിച്ചത്.