എകെ ശശീന്ദ്രന്‍റെ രാജി തൽക്കാലം വേണ്ടെന്ന് നേതൃത്വം നേതൃത്വം തീരുമാനിച്ചെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ആക്ഷേപങ്ങളിൽ പരിശോധന വേണമെന്ന് എകെജി സെന്‍ററിൽ ചേര്‍ന്ന സിപിഎം അവെയ്‌ലബിൾ സെക്രട്ടേറിയേറ്റ് യോഗം തീരുമാനിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
ക്ലിഫ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയും എ കെ ശശീന്ദ്രനോട് രാജിയാവശ്യപ്പെട്ടിട്ടില്ലെന്നതും ശ്രദ്ധേയമാണ്. താന്‍ പറഞ്ഞ കാര്യങ്ങള്‍ മുഖ്യമന്ത്രി ശ്രദ്ധാപൂര്‍വം കേട്ടുവെന്നാണ് ശശീന്ദ്രന്‍ നേരത്തെ പ്രതികരിച്ചത്. എൻസിപിയിലെ ആഭ്യന്തര പ്രശ്നത്തിലാണ് ഇടപെട്ടതെന്ന ശശീന്ദ്രന്‍റെ വിശദീകരണം പാർട്ടി നേതൃത്വവും മുന്നണി നേതൃത്വവും ഉൾക്കൊള്ളുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
നേരത്തെ വിവാദ വിഷയത്തിൽ പ്രതികരിച്ച എൻസിപി അധ്യക്ഷൻ പിസി ചാക്കോ മന്ത്രിയെ ന്യായീകരിക്കുന്ന രീതിയിലായിരുന്നു സംസാരിച്ചത്. പാര്‍ട്ടിയിലെ പ്രശ്നം പരിഹരിക്കാന്‍ ആയിരുന്നു ഫോൺ കോളെന്നും അദ്ദേഹം പറയുന്നു. മന്ത്രി വിഷയത്തില്‍ ഇടപെടണമെന്ന് പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടു. ശശീന്ദ്രന്‍ ഇടപെട്ടാല്‍ പ്രശ്നം തീരുമെന്നായിരുന്നു നേതാക്കള്‍ പറഞ്ഞത്. കേസ് ഒത്തുതീര്‍ക്കണമെന്ന് ശശീന്ദ്രന്‍ സംഭാഷണത്തില്‍ പറഞ്ഞിട്ടില്ല- പി സി ചാക്കോ പറഞ്ഞതായി ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു.