കൊളംബോ: ദീപക് ചഹറിന്റ ഒറ്റയാള്‍ പോരാട്ടത്തില്‍ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ജയം. ഇന്ത്യയുടെ മുന്‍നിര ബാറ്റ്സ്മാന്മാര്‍ പരാജയപ്പെട്ടപ്പോള്‍ എട്ടാമാനായി ഇറങ്ങിയ ചഹര്‍ നീലപ്പടയെ വിജയത്തിലേക്ക് നയിച്ചു. 82 പന്തില്‍ 69 റണ്‍സോടെ ചഹര്‍ പുറത്താകാതെ നിന്നു. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ 2-0 ന് സ്വന്തമാക്കി.
276 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് ആദ്യ ഏകദിനത്തിന് വിപരീതമായ തുടക്കമാണ് ലഭിച്ചത്. 65 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ശിഖര്‍ ധവാന്‍, പൃത്വി ഷാ, ഇഷാന്‍ കിഷന്‍ എന്നിവര്‍ പവലിയനിലേക്ക് മടങ്ങി.
മനീഷ് പാണ്ഡയും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് നാലാം വിക്കറ്റില്‍ നേടിയ 50 റണ്‍സാണ് ഇന്ത്യയെ ബാറ്റിങ് തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. 37 റണ്‍സെടുത്ത് പാണ്ഡ റണ്‍ ഔട്ടായി. പിന്നാലെയെത്തിയ ഹാര്‍ദിക് പാണ്ഡ്യ പൂജ്യനായും മടങ്ങിയപ്പോള്‍ ഇന്ത്യ തോല്‍വിയിലേക്ക് നീങ്ങുന്നതായി തോന്നിച്ചു.
ഏകദിനത്തിലെ ആദ്യ അര്‍ധ സെഞ്ചുറി നേടിയ ഉടനെ സൂര്യകുമാറും പുറത്തായി. 35 റണ്‍സ് എടുത്ത ക്രുണാല്‍ പാണ്ഡ്യക്ക് ദീപക് ചഹര്‍ മികച്ച പിന്തുണയാണ് നല്‍കിയത്. ക്രുണാല്‍ ഔട്ടായതിന് ശേഷമെത്തിയ ഭുവനേശ്വര്‍ കുമാറിനേയും കൂട്ടുപിടിച്ചായിരുന്നു ചഹറിന്റെ രക്ഷാപ്രവര്‍ത്തനം.
ആദ്യം ബാറ്റ് ചെയ്ത അവിഷ്കയും മിനോദ് ഭാനുകയും ചേര്‍ന്ന് ശ്രീലങ്കക്ക് മികച്ച് തുടക്കമാണ് നല്‍കിയത്. 300 എന്ന സ്കോര്‍ ലക്ഷ്യമാക്കി ഇരുവരും അതിവേഗം ബാറ്റു വീശി. സ്കോര്‍ 77 ല്‍ നില്‍ക്കെ ഭാനുകയെ ചഹല്‍ മടക്കി. തൊട്ടടുത്ത പന്തില്‍ പിന്നാലെ എത്തിയ ഭാനുക രജപക്ഷയുടെ വിക്കറ്റു വീഴ്ത്തി ചഹല്‍ ഇന്ത്യയെ കളിയിലേക്ക് തിരികെ എത്തിച്ചു.
മധ്യനിരയില്‍ അസലങ്കയുടെ പോരാട്ടമാണ് ശ്രീലങ്കക്ക് നിര്‍ണായകമായത്. 68 പന്തില്‍ ആറ് ബൗണ്ടറികളുടെ സഹായത്താലാണ് അസലങ്ക 65 റണ്‍സ് നേടിയത്. എട്ടാമനായി ഇറങ്ങിയ ചമിക കരുണരത്നെ അവസാന ഓവറുകളില്‍ സ്കോറിങ്ങിന് വേഗം കൂട്ടിയത് പൊരുതാവുന്ന നിലയിലേക്ക് ലങ്കയെ എത്തിച്ചു. 32 പന്തില്‍ 40 റണ്‍സാണ് ചമിക നേടിയത്.
യുസ്വേന്ദ്ര ചഹലും ഭുവനേശ്വര്‍ കുമാറും മൂന്ന് വിക്കറ്റ് വീതം നേടി. ദീപക് ചഹര്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി.
Also read: സ്കൂൾ ടീമിനെതിരെ യൂണിവേഴ്സിറ്റി ടീം: ഇന്ത്യ-ശ്രീലങ്ക ആദ്യ ഏകദിനത്തെക്കുറിച്ച് റമീസ് രാജ
The post India vs Sri Lanka 2nd ODI: പോരാളിയായി ദീപക് ചഹര്‍; ഇന്ത്യക്ക് ജയം, പരമ്പര appeared first on Indian Express Malayalam.















