തിരുവനന്തപുരം
15–-ാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം വ്യാഴാഴ്ച ആരംഭിക്കും. ആഗസ്ത് 18വരെയാണ് സമ്മേളനം. 2021–-22 വർഷത്തെ ബജറ്റിലെ വകുപ്പ് തിരിച്ചുള്ള ധനാഭ്യർഥനകളിൽ ചർച്ചയും വോട്ടെടുപ്പുമാണ് പ്രധാനം. നാല് ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനായി നീക്കിവച്ചതായി സ്പീക്കർ എം ബി രാജേഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 20 ദിവസമായിരിക്കും സഭ സമ്മേളിക്കുക.
ഉപധനാഭ്യർഥനകളുടെ ചർച്ചയ്ക്കും ബജറ്റിലെ ധനാഭ്യർഥനകളിലുള്ള ധനവിനിയോഗ ബില്ലിന്റെ പരിഗണനയ്ക്കും ഓരോ ദിവസം മാറ്റിവച്ചിട്ടുണ്ട്. 2021-ലെ കേരള ധനബില്ലുകളുടെ (രണ്ടെണ്ണം) പരിഗണനയ്ക്കായുള്ള സമയംകൂടി ഈ സമ്മേളനകാലത്ത് കണ്ടെത്തേണ്ടതുണ്ട്. സർക്കാരിന് അവശ്യം നിർവഹിക്കേണ്ട നിയമനിർമാണം ഉണ്ടെങ്കിൽ അതിന് അധിക സമയം ആവശ്യമായി വരും. ഇക്കാര്യത്തിൽ കാര്യോപദേശക സമിതി യോഗം ചേർന്ന് യുക്തമായ തീരുമാനമെടുക്കും. കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കും സമ്മേളനം. കോവിഡ് വാക്സിന്റെ രണ്ട് ഡോസും പൂർത്തീകരിക്കാത്ത അംഗങ്ങൾക്ക് വാക്സിനേഷന് സൗകര്യം ഒരുക്കുമെന്നും സ്പീക്കർ പറഞ്ഞു. നിയമസഭാ സെക്രട്ടറി എസ് വി ഉണ്ണികൃഷ്ണൻ നായരും പങ്കെടുത്തു.















